മദീന: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഹാജിമാരെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും സന്നദ്ധ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. 5758 മലയാളി ഹാജിമാര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചിട്ടുള്ളത്. ഇതില്‍ 2056 പുരുഷന്മാരും മഹറമില്ലാത്ത വിഭാഗം ഉള്‍പ്പടെ 3702 സ്ത്രീകളുമാണ് ഉള്ളത്.
പൂക്കളും മധുരപലഹാരങ്ങളും നല്‍കിയാണ് ഊഷ്മളമായി സ്വീകരിച്ചത്. 196 സ്ത്രീകളുള്‍പ്പെടെ 377 തീര്‍ഥാടകരാണ് നെടുമ്ബാശ്ശേരിയില്‍ നിന്ന് മദീനയിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ഹാജിമാര്‍ ഹോട്ടലുകളിലെ താമസസൗകര്യങ്ങളിലേക്ക് പോയി. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള താമസ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണങ്ങള്‍ക്ക് ശേഷം മദീനാസന്ദര്‍ശനം പൂര്‍ത്തിയാക്കും.
മദീനയിലാണ് ഈ വര്‍ഷത്തെ വിദേശത്തുനിന്നുള്ള ആദ്യ ഹജ്ജ് സംഘം എത്തിയത്. ഇന്തോനേഷ്യയില്‍ നിന്നുള്ള 400 ഓളം തീര്‍ഥാടകരായിരുന്നു ആദ്യ സംഘത്തില്‍. 10 ലക്ഷം തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഒന്നരലക്ഷം സൗദിയില്‍ നിന്നുള്ള ആഭ്യന്തര തീര്‍ഥാടകരാണ്. ഇന്ത്യയില്‍നിന്ന് എത്തുന്നത് 79362 ഹാജിമാരാണ്. ഇതില്‍ 70 ശതമാനവും ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് വരുന്നത്.
അവസാന മലയാളി തീര്‍ഥാടക സംഘം ജൂണ്‍ 16നാണ് എത്തുക. കോവിഡ് മുന്‍കരുതലുകള്‍ ഭാഗമായും തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഹജ്ജ് ഉംറ മന്ത്രാലയത്തിനു കീഴില്‍ ഇത്തവണ ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഹാജിമാരെ സ്വീകരിക്കാനായി മക്കയും മദീനയും അടക്കമുള്ള പുണ്യകേന്ദ്രങ്ങള്‍ അണിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു.
സുരക്ഷിതമായ ഹജ്ജ് ഒരുക്കി ഹാജിമാരെ യാത്രയാക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. പഴയപടി പൂര്‍ണ അര്‍ത്ഥത്തിലുള്ള ഹജ്ജിനായി പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് വിശ്വാസി ലോകം.
ഈ വര്‍ഷത്തെ ഹജ്ജിന് അടുത്ത മാസം രണ്ടാംവാരം തുടക്കമാവുകയാണ്. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഹജ്ജിനായി യാത്ര തിരിക്കുന്നത്. മഹാമാരിയും കടന്നു നല്ല നാളുകള്‍ വരുന്ന പ്രതീക്ഷയിലാണ് ലോകവും വിശ്വാസികളും