താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച സബറുദ്ദീന്റെ വിയോഗത്തോടെ നഷ്ടമായത് സമര്‍ത്ഥനായ പൊലീസ് ഉദ്യോഗസ്ഥനെ. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും മലപ്പുറം എസ് പി സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗവുമായിരുന്നു ഇദ്ദേഹം. നിരവധി മോഷണക്കേസും ലഹരിക്കേസിലും തുമ്ബുണ്ടാക്കിയ സബറുദ്ദീന്‍ സേനയുടെ അഭിമാനമായിരുന്നു. ബോട്ട് അപകടത്തില്‍പ്പെട്ട സമയത്ത് ഇദ്ദേഹം ബോട്ടിലുണ്ടായിരുന്നുവെന്നും എന്നാല്‍ രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയിരുന്നത്. 


എന്നാല്‍ ബോട്ട് വെള്ളത്തില്‍ നിന്ന് ഉയര്‍ത്തിയതോടെയാണ് സബറുദ്ദീന്റെ മൃതദേഹം ലഭിച്ചത്. ഏകദേശം പത്ത് മണിയോടെയാണ് ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.മോഷണ കേസിലെ പ്രതിയെ പിടികൂടുന്നത് വരെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിച്ച സബറുദ്ദീന്‍ പിന്നീട് പ്രതിയെ പിടിച്ച ശേഷം ബാര്‍ബര്‍ ഷോപ്പിലെത്തി മുടി വെട്ടിയ ചരിത്രം നാട്ടുകാര്‍ക്ക് പറയാനുണ്ട്. താനൂര്‍ ബീച്ച്‌ റോഡിലെ മില്‍മ ബൂത്തിലെ സ്‌കൂട്ടര്‍ കവര്‍ന്ന കേസിലായിരുന്നു സബറുദ്ദീന്റെ പ്രതിജ്ഞ. താനൂര്‍ പൊലീസ് സേ്‌റ്റേഷന് മുന്നില്‍ കൂടിയാണ് സ്‌കൂട്ടര്‍ കവര്‍ന്ന് മോഷ്ടാവ് കടന്ന് കളഞ്ഞത്. മോഷ്ടാവിനെ തേടി ദിവസങ്ങള്‍ അലഞ്ഞിട്ടും പൊലീസുകാര്‍ക്ക് തുമ്ബ് കിട്ടിയില്ല.

ഇതിനിടെ, മുടി മുറിക്കാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ സബറുദ്ദീന്‍ മുടി വെട്ടാതെ ഇറങ്ങി. മോഷ്ടാവിനെ പിടികൂടാതെ ഇനി താന്‍ മുടി വെട്ടില്ലെന്നും സബറുദ്ദീന്‍ അന്ന് സഹപ്രവര്‍ത്തകരോടു പറഞ്ഞു. അധികം വൈകാതെ സബറുദ്ദീനും സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ സലേഷും പ്രതിയെ പിടികൂടി. മോഷണം നടന്ന് എട്ടാം നാളാണ് പതിനഞ്ചുകാരനായ പ്രതിയെ സബറുദ്ദീനും സലേഷും പിടികൂടിയത്. ഇതിന് ശേഷമാണ് സബറുദ്ദീന്‍ വീണ്ടും ബാര്‍ബര്‍ ഷോപ്പിലെത്തി മുടി വെട്ടിയത്. സബറുദ്ദീന്റെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇനിയും മുക്തരായിട്ടില്ല.


Previous Post Next Post

Whatsapp news grup