റിയാദ്: സൗദി അറേബ്യയില്‍ ജോലി സ്ഥലങ്ങളില്‍ കുഴഞ്ഞുവീണ് രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു. എടപ്പാള്‍ സ്വദേശി അബ്ദുല്‍ റസാഖും കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസുമാണ് ജിദ്ദയിലെ രണ്ട് സ്ഥലങ്ങളില്‍ ജോലിയ്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. മലപ്പുറം എടപ്പാള്‍ കോലളമ്ബ് സ്വദേശി അബ്ദുല്‍ റസാഖ് വെളുത്തേടത് വളപ്പില്‍ (37) ആണ് മരണപ്പെട്ടവരില്‍ ഒരാള്‍. ദീര്‍ഘകാലം റിയാദില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ റസാഖ് ഒരു മാസം മുമ്ബാണ് ജിദ്ദയിലേക്ക് ജോലി മാറി എത്തിയത്. ജിദ്ദ ബലദിയ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഒരു മാസമായി ജോലി ചെയ്യുകയായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്‌. മൃതദേഹം ഹസ്സന്‍ ഗസ്സാവി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയില്‍ ഖബറടക്കും.

മലപ്പുറം കുറ്റിപ്പുറം കാലടി സ്വദേശി ഫിറോസ് വടക്കാത്തു പറമ്ബില്‍ (42) ജിദ്ദയില്‍ ജോലി സ്ഥലത്തു വെച്ചാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടുമണിക്ക് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സ്വകാര്യ ജലവിതരണ കമ്ബനിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ സാജിത. നാല് പെണ്‍കുട്ടികളുമുണ്ട്. മൃതദേഹം മഹജര്‍ കിംഗ് അബ്ദുല്‍ അസീസ് ഹോസ്‍പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം ജിദ്ദയില്‍ ഖബറടക്കുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.


Previous Post Next Post

Whatsapp news grup