തിരൂര്‍: പ്രായമായ സ്ത്രീകളെ സമീപിച്ച് പെന്‍ഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങിയ പ്രതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് പട്ടാട്ട് യൂസഫിനെയാണ് (42) പിടികൂടിയത്. തിരൂര്‍ സ്വദേശിനിയില്‍നിന്ന് പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് മൂന്നരപവന്‍ കൈക്കലാക്കിയ കേസിലാണ് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയിലാണ് ഇയാള്‍ തിരൂരില്‍ വെച്ച് പെന്‍ഷന്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് മധ്യവയസ്കയെ സമീപിച്ച് പ്രീമിയം അടയ്ക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വര്‍ണാഭരണം കൈക്കലാക്കിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ച ചാവക്കാട്ടെ വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണത്തില്‍ സ്വര്‍ണാഭരണങ്ങള്‍ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയില്‍നിന്ന് ഉരുക്കിയ നിലയില്‍ പൊലീസ് കണ്ടെടുത്തു. തൃശൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുള്ള പ്രതി കഴിഞ്ഞവര്‍ഷം സമാനമായ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു.
നിലവില്‍ ഇത്തരത്തിലുള്ള കേസുകള്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ ഇയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. വളാഞ്ചേരി, നല്ലളം പൊലീസ് സ്റ്റേഷനുകളില്‍ കബളിപ്പിക്കപ്പെട്ട സ്ത്രീകളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി വലയിലായത്.
തിരൂര്‍ ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ ജിജോ, എസ്.ഐ ജലീല്‍ കറുത്തേടത്ത്, എ.എസ്.ഐ പ്രതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിജിത്ത്, രാജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉണ്ണിക്കുട്ടന്‍ വേട്ടാത്ത്, സി. അരുണ്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
