വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ചേലേമ്ബ്ര സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ബുള്ളറ്റ് മോഷ്ടിച്ചശേഷം പാര്‍ട്സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്ബര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5,000 രൂപക്ക് ഇയാള്‍ സുഹൃത്തിന് വില്‍പന നടത്തുകയായിരുന്നു. കൊടിഞ്ഞി സ്വദേശി മാളിയേക്കല്‍ അബ്ദുസ്സലാമിനെയാണ് (32) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
അഞ്ചുമാസം മുൻപ് തിരൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബുള്ളറ്റ് സഹിതം അസൈനാര്‍ എന്നയാളെ പിടികൂടുകയും ഇയാള്‍ റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വാഹനത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സുഹൃത്ത് കണ്ണമംഗലം സ്വദേശി മൂച്ചിത്തോട്ടത്തില്‍ രാജേഷ് കൊടുത്തതാണെന്നും രാജേഷിന് ഇത് വേങ്ങരയില്‍ 12 കിലോ കഞ്ചാവുമായി പിടിക്കപെട്ട് ജയിലിലായ വേങ്ങര മണ്ണില്‍ വീട്ടില്‍ അനിയാണ് കൊടുത്തതെന്നും കണ്ടെത്തിയിരുന്നു. പിടിയിലായ സലാമാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പരാതിക്കാരന്‍റെ ബുള്ളറ്റ് മോഷ്ടിച്ചത്.
നമ്പർ മാറ്റി മൂന്നുമാസത്തോളം ഉപയോഗിക്കുകയും ഇരുകുളത്തുവെച്ച് നടന്ന ഒരു അപകടത്തില്‍ വാഹനത്തിന് കേടുപാടുകള്‍ വരുകയും ചെയ്തു. പൊളിമാര്‍ക്കറ്റില്‍നിന്ന് പാര്‍ട്സുകള്‍ വാങ്ങി രൂപമാറ്റം വരുത്തി അനിയുടെ സഹായത്തോടെ 5000 രൂപക്ക് വില്‍പന നടത്തുകയുമായിരുന്നു.
ഇയാളുടെ പേരില്‍ ലഹരി കടത്തിനും കേസ് നിലവിലുണ്ട്. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് പുറമെ തേഞ്ഞിപ്പലം സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഒ നവീന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
