തിരൂർ: നഗരത്തിൽ പതിവായി ജല അതോറിറ്റിയുടെ പൈപ്പ്‍ ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നതിന് ശാശ്വതപരിഹാരമാകുന്നു. പഴയ ലൈനുകൾ മാറ്റിസ്ഥാപിക്കാനായി 90 കോടി രൂപയുടെ എസ്റ്റിമേറ്റ് ജല അതോറിറ്റി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു.
താഴേപ്പാലം പാലത്തിന്റെ സമീപനറോഡിന്റെ നിർമാണം ഒക്ടോബർ അവസാനവാരം പൂർത്തിയാക്കി നവംബർ ആദ്യവാരത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും.
തിരൂർ സിറ്റി ജങ്ഷനിലെ റെയിൽവേ മേൽപ്പാലം, സമീപന റോഡുപണി പൂർത്തിയാക്കി ആറുമാസത്തിനുള്ളിൽ തുറന്നുകൊടുക്കും. എടക്കുളം ജി.എൽ.പി. സ്കൂൾ, കൂടശ്ശേരി പാറ ജി.എൽ.പി. സ്കൂൾ കെട്ടിടങ്ങളും കൽപ്പകഞ്ചേരി ഹെൽത്ത് സബ് സെന്റർ കെട്ടിടവും നവംബർ ആദ്യവാരം ഉദ്ഘാടനം ചെയ്യുമെന്നും എം.എൽ.എ. പറഞ്ഞു.
തിരൂർ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾ ചർച്ചചെയ്യുന്നതിനായി പൊതുമരാമത്ത് റോഡ്, പാലം, കെട്ടിടവിഭാഗം ഉദ്യോഗസ്ഥർ, ജല അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ്, കിഫ്ബി ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റുമാർ, പി.ടി.എ. പ്രസിഡന്റുമാർ എന്നിവരുമായി ചേർന്ന യോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ കൽപ്പകഞ്ചേരി, വളവന്നൂർ, തിരുനാവായ, വെട്ടം പഞ്ചായത്ത് പ്രസിഡന്റുമാർ, ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ദേശീയപാത പി.ഡബ്ല്യു.ഡി. സൂപ്രണ്ടിങ് എൻജിനിയർ ബിന്ദു, പൊതുമരാമത്ത് എൻജിനിയർമാരായ എ. രാജേഷ്, ഗോപൻ, വിദ്യാകിരൺ ജില്ലാ കോ -ഓഡിനേറ്റർ മണി, കില പ്രോജക്ട് കോ -ഓർഡിനേറ്റർ നസ്റീൻ എന്നിവർ പങ്കെടുത്തു.
