തിരൂർ: മലപ്പുറം തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമൻ സയിൻ (3), റിയ ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. തിരൂർ ഫയർസ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് ദാരുണമായ സംഭവം. അയൽവാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികൾ.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഇവരുടെ വീടുകൾക്ക് സമീപത്താണ് കുളം ഉള്ളത്. കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. ഇരുവരും സമീപത്തെ അംഗവാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. അവിടെ പോയി അന്വേഷിച്ചോൾ അങ്ങോട്ടേക്കെത്തിയില്ലെന്ന് വിവരം ലഭിച്ചു. പിന്നീടാണ് കുട്ടികളുടെ മൃതദേഹം പെരുങ്കൊല്ലം കുളം എന്ന പേരുള്ള കുളത്തിൽ കണ്ടെത്തിയത്. കുളത്തിന് ഗെയ്റ്റ് ഉണ്ടായിരുന്നതായാണ് വിവരം.
തൃക്കണ്ടിയൂർ എൽഐസിക്ക് പിന്നിൽ കാവുങ്ങപറമ്പിൽ നൗഷാദിന്റേയും നജ്ലയുടേയും മകനാണ് അമൻ സയിൻ.പാറപ്പുറത്ത് ഇല്ലത്ത് വീട്ടിൽ റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ.രണ്ടു കുട്ടികളുടേയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.