കണ്ണൂർ: പാനൂർ വള്ള്യായിയിൽ യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ(23)യെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പാനൂരിലെ സ്വകാര്യ മെഡിക്കൽ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം. കൈകളിൽ അടക്കം മാരകമായ മുറിവേറ്റനിലയിലായിരുന്നു.
അതേസമയം, കൊലപാതകിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയം തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നിൽ കണ്ടതായി വിവരങ്ങളുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.