മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രഹസ്യമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി ഒരാളെ പിടികൂടി. മറ്റൊരു സംഭവത്തില്‍ സ്വര്‍ണം കടത്തിയ ആളും ഇത് തട്ടാനെത്തിയ സംഘവും പോലീസ് പിടിയിലായി. തിരൂർ തലക്കടത്തൂര്‍ സ്വദേശി പാറമ്മല്‍ റഷീദ് (49)നെയാണ് കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു റഷീദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 1286 ഗ്രാം സ്വര്‍ണം മിശ്രിതമാക്കി ക്യാപ്‌സൂള്‍ രൂപത്തിലാക്കിയായിരുന്നു മലദ്വാരത്തില്‍ ഒളിപ്പിച്ചത്. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
ദുബായില്‍ നിന്നും സ്വര്‍ണവുമായി എത്തിയ കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശി നടുവില്‍ മുഹമ്മദ് അനീസിനെയും നാലംഗ സംഘത്തെയുമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പോലീസ് പിടികൂടിയത്. അനീസിന്റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു സംഘം സ്വര്‍ണം തട്ടാന്‍ എത്തിയത്. എന്നാല്‍ ഇത് ആസൂത്രണം ചെയ്യുന്നതിനിടെ സംഘം പോലീസിന്റെ പിടിയില്‍ ആകുകയായിരുന്നു. തലശേരി കതിരൂര്‍ പൊന്ന്യം വെസ്റ്റ് സ്വദേശി പ്രസാദ്, തലശേരി ചാലില്‍ റോഡ് കിരണ്‍, കണ്ണൂര്‍ ധര്‍മടം കളത്തില്‍ വളപ്പില്‍ നിയാസ്, തളിപ്പറമ്ബ് നടുവില്‍ ഗിരീഷ് എന്നിവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.