ദോഹ: ഖത്തറിലേക്ക് ലോകകപ്പ് കാണാന്‍ തിരൂരിൽ നിന്നും ഒരു കുടുംബത്തിലെ 24 പേര്‍. തിരൂർ പരന്നേക്കാട് ചിറക്കൽ കുടുംബത്തിൽനിന്ന് ഒൻപതുപേരും ബന്ധുക്കളായ മച്ചിങ്ങപ്പാറ ചേലാട്ട് സയ്യിദലിയുടെ കുടുംബത്തിലെ 15 പേരുമാണ് ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ ഗാലറിയിലുണ്ടാകുക. 16 പേർ ഇതിനകം ഖത്തറിലിലെത്തി. 

ബാക്കി എട്ടുപേർ ഈ മാസം 22-ന് കോഴിക്കോട്‌ വിമാനത്താവളംവഴി ഖത്തറിലേക്കു തിരിക്കും. ചേലാട്ട് സയ്യിദലിയുടെ കുടുംബത്തിലുള്ളവർ അവിടെ എത്തിക്കഴിഞ്ഞു. ചിറക്കൽ കുടുംബാംഗവും ഖത്തർ ഗ്രാൻഡ് സൂപ്പർ മാർക്കറ്റ് ഡയറക്ടറുമായ അഷ്റഫ് ചിറക്കൽ നേരത്തേ ഖത്തറിലുണ്ട്. ഇദ്ദേഹം ലോകകപ്പ് കാണാൻ റഷ്യയിലും പോയിരുന്നു. ഭാര്യ ആബിദ അഷ്റഫ് ഖത്തറിൽ ലോകകപ്പ് കാണാനെത്തും. സാറ്റ് തിരൂർ ഫുട്ബോൾ ക്ലബ്ബിന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും മെൻസ് ക്ലബ്ബ് ടീം മാനേജരുമായ ജവഹർ ചിറക്കലും ഇക്കുറി ലോകകപ്പ് നേരിട്ടുകാണും. മുൻപ്‌ ലോകകപ്പ് നടക്കുമ്പോഴൊക്കെ നാട്ടിൽ പ്രൊജക്ടർവെച്ച് കളികാണാൻ അവസരമൊരുക്കിയിട്ടുണ്ട് ജവഹർ. കളി നേരിൽക്കാണാൻ ഭാഗ്യമുണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്ന് ജവഹർ പറഞ്ഞു.


ബ്രസീൽ താരമായിരുന്ന റൊണാൾഡോയാണ് ആരാധ്യപുരുഷൻ. ബ്രസീലാണ് ജവഹറിന്റെ ഇഷ്ട ടീം. കോട്ടയ്ക്കലിൽ പൊതുമരാമത്ത് എൻജിനീയറായ റസാഖ്, റസാഖിന്റെ മകൻ റഹദിൻ അമാൻ ചിറക്കൽ, റസാഖിന്റെ സഹോദരൻ അഷ്റഫ് ചിറക്കലിന്റെ മകൾ ഡോ. അഹ്സന അഷ്റഫ് ചിറക്കൽ, ഭർത്താവ് കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി. ഉദ്യോഗസ്ഥനായ ഇഹ്‌ജാസ് കോട്ടങ്ങോടൻ എന്നിവരും ലോകകപ്പ് കാണാൻപോകുന്ന സംഘത്തിലുണ്ട്.

Previous Post Next Post

Whatsapp news grup