മലപ്പുറം: പെട്രോൾപമ്പ് ലൈസൻസുൾപ്പെടെ വാഗ്‌ദാനംചെയ്ത് പണം തട്ടിയെടുത്തതായി പരാതി. വേങ്ങര ഊരകം സ്വദേശി നല്ലാട്ടുതൊടിക ഫൈസലിന്റെ പേരിൽ തിരൂരങ്ങാടി പെരുവള്ളൂർ സ്വദേശി ഗിരീഷ്‌കുമാറിന്റെ ഭാര്യ മേലേടത്ത് ജിഷയാണ് പരാതി നൽകിയത്. 68.5 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പോലീസ് കേസ് അന്വേഷിക്കുകയാണെന്നും ഗിരീഷ്‌കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയ്ക്കകത്തും പുറത്തുമായി ബിസിനസ് നടത്തുന്ന ഗിരീഷ്‌കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പമ്പിന്റെ നിർമാണം പൂർത്തിയാക്കി കമ്മിഷൻ ചെയ്തുതരാമെന്നു വാഗ്‌ദാനംചെയ്താണ് എൻ.ടി. ഫൈസൽ അവരെ സമീപിച്ചത്. ഇതിന്റെ പേരിൽ ഫൈസൽ പത്തുലക്ഷം, അഞ്ചുലക്ഷം, 15 ലക്ഷം എന്നിങ്ങനെ പലപ്പോഴായി വാങ്ങി 68.5 ലക്ഷം രൂപ കൈക്കലാക്കി. 25 ലക്ഷം ബാങ്ക് വഴിയും ബാക്കി നേരിട്ടുമാണ് വാങ്ങിച്ചത്. ഔട്ട്‌ലെറ്റ് പണി പൂർത്തിയാക്കി കമ്മിഷൻ ചെയ്തുതരാം എന്ന വ്യവസ്ഥയിലാണ് കരാർ ഒപ്പുവെച്ചത്.
എന്നാൽ ഭൂമിയിൽ യാതൊരുവിധത്തിലുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തുകയോ പമ്പിന്റെ ലൈസൻസുകൾ ശരിയാക്കുകയോ ചെയ്തില്ല. ഇതിൽ സംശയം തോന്നിയപ്പോൾ നടത്തിയ അന്വേഷണത്തിൽ രേഖകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് നിയമനടപടികളിലേക്കു നീങ്ങിയത് -ഗിരീഷ്‌കുമാർ പറഞ്ഞു.
