വളാഞ്ചേരി: വട്ടപ്പാറയില്‍ സഹോദരന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ ജുമൈല (23) ആണ് സഹോദരന്‍ ജാബിര്‍ ഓടിച്ച സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്. വട്ടപ്പാറ സിഐ ഓഫിസിന് സമീപത്തുനിന്ന് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം. വളാഞ്ചേരി ഭാഗത്തുനിന്നും കോട്ടക്കലിലേക്ക് ഇന്‍റര്‍വ്യൂവിനായി പോകുംവഴിയാണ് നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന ജുമൈല തെറിച്ചുവീണു. ഇതേത്തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാണ് മരണകാരണം.
അതേസമയം സ്‌കൂട്ടറില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ ജാബിറിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തൊഴുവാനൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.