താനൂർ: താനൂർ-തിരൂർ പാതയിൽ വീണ്ടും വാഹനാപകടം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വലിയപാടത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
തിരൂരിൽനിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന മിൻഹാജ് ബസും ചാലിയത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന നിർമാല്യം ബസുമാണ് കൂട്ടിയിടിച്ചത്. താനൂർ സ്വദേശിനി പൈങ്കാട്ട് ഹൗസിൽ സഫീറ, ഓലപ്പീടക സ്വദേശി ഗഫൂർ, തെക്കൻകുറ്റൂർ സ്വദേശി ഉമ്മുഹബീബ, താനൂർ സ്വദേശി ഫർസിദ എന്നിവർ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പത്ത് വിദ്യാർഥികളുൾെപ്പടെ 23 പേരെ താനൂർ മൂലക്കലിൽ ജനത ആശുപത്രിയിലും 25 പേരെ പൂക്കയിൽ കള്ളിയത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മിൻഹാജ് ബസ് ഡ്രൈവർ ജംഷീർ(40), വട്ടത്താണി സ്വദേശി സരിത(38), മൂച്ചിക്കൽ സ്വദേശി ചെല്ലമ്മാൾ(38) എന്നിവർ കള്ളിയത്ത് ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവരെ പ്രാഥമികശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു. അമിതവേഗവും ചാറ്റൽമഴയുമാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.