മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 47 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പൊലീസ് പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരന്‍ കസ്റ്റംസിനെ വെട്ടിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. വളാഞ്ചേരി സ്വദേശി ജംഷീര്‍(26) ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്ത് വെച്ചാണ് ജംഷീറിനെ പൊലീസ് പിടികൂടിയത്.


മിശ്രിത രൂപത്തില്‍ മൂന്ന് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം. മലപ്പുറം ജില്ലാ മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. 854 ഗ്രാം, 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് യുവാവില്‍ നിന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ജംഷീര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങുകയായിരുന്നു.


എന്നാല്‍ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണം കൈവശം ഇല്ലെന്നായിരുന്നു ജംഷീര്‍ പൊലീസിനോട് പറഞ്ഞത്. ലഗേജുകള്‍ പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. സംശയത്തിന്‍്റെ അടിസ്ഥാനത്തില്‍ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് നടത്തിയ എക്സ റേ പരിശോധനയിലാണ് വയറിനകത്ത് മൂന്ന് ക്യാപ്സൂളുകള്‍ കണ്ടെത്തിയത്. ജംഷീറിനെ വിശദമായി ചേദ്യം ചെയ്ത് വരികയാണ്.ഇയാളില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വര്‍ണ്ണ കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഈ വര്‍ഷം വിമാനത്താവളത്തിന് പുറത്ത് വെച്ച്‌ പിടികൂടുന്ന നാലമത്തെ സ്വര്‍ണ്ണകടത്ത് കേസാണിതെന്നും പൊലീസ് അറിയിച്ചു.

Previous Post Next Post

Whatsapp news grup