താനൂർ : താനൂരിൽനിന്ന് മീൻപിടിക്കാൻപോയ വള്ളം കടൽത്തീരത്തുനിന്ന് 40 നോട്ടിക്കൽമൈൽ ദൂരത്ത് ആഴക്കടലിൽ മറിഞ്ഞു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.
ഈ സമയം ആഴക്കടലിൽ ഉണ്ടായിരുന്ന കൊല്ലം ജില്ലയിൽനിന്ന് മത്സ്യബന്ധനത്തിനെത്തിയ ബ്ലൂലൈൻ എന്ന ഫിഷിങ് ബോട്ടിലെ സ്രാങ്ക് ടോർച്ചിന്റെ വെളിച്ചവും ശബ്ദവുംകേട്ട് അപകടം തിരിച്ചറിഞ്ഞു. വെളിച്ചംവന്ന ഭാഗത്തേക്ക് ഫിഷിങ് ബോട്ട് വളരെ പെട്ടെന്ന് എത്തിച്ചു.
വള്ളംതകർന്ന് ആഴക്കടലിലേക്ക് പോകുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെ സ്രാങ്കും ഫിഷിങ് ബോട്ടിലെ ജീവനക്കാരുംചേർന്ന് രക്ഷിച്ചു. താനൂർ ഓസാൻ കടപ്പുറത്തെ മമ്മിക്കാനകത്ത് മുഹമ്മദ് ഹനീഫയുടെതാണ് തകർന്ന വള്ളം. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.