തിരൂർ: തിരൂരിൽ റോഡരികിലെ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ പാലമരത്തിൽനിന്ന് നിർത്താതെ പുക. അഗ്നിരക്ഷാസേനയെത്തി 10,000 ലിറ്റർ വെള്ളം ചീറ്റിയെങ്കിലും പുക തുടരുകയാണ്.
തലക്കാട് പഞ്ചായത്തിലെ വടക്കേ അങ്ങാടി പെട്രോൾപമ്പിന് സമീപത്തെ പാലമരത്തിലെ മൂന്ന് പൊത്തുകളിൽനിന്നാണ് പുകയുയരുന്നത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പഞ്ചായത്ത് അധികൃതരെ അറിയിച്ചതോടെ പ്രസിഡന്റ് പി. പുഷ്പയും വൈസ് പ്രസിഡന്റ് എ.കെ. ബാബുവും സ്ഥലത്തെത്തി. അഗ്നിരക്ഷാസേന, സബ് കളക്ടർ എന്നിവരേയും ഫോറസ്റ്റ് അധികൃതരേയും അറിയിച്ചു. അസി. ഫയർസ്റ്റേഷൻ ഓഫീസർ ടി.കെ. ഹംസക്കോയയുടെ നേതൃത്വത്തിൽ രണ്ടുതവണ അഗ്നിരക്ഷാസേനയെത്തി മരത്തിന്റെ പൊത്തുകൾക്കിടയിലൂടെ 10,000 ലിറ്റർ വെള്ളംചീറ്റി. എന്നിട്ടും പുക ഉയരുകയാണ്. മരം പൊട്ടിവീണാൽ അപകടസാധ്യതയുണ്ട്.
വിവിധ വകുപ്പുകൾക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മരം അടിയന്തരമായി വെട്ടിമാറ്റാൻ സബ്‌കളക്ടർ സച്ചിൻകുമാർ യാദവ് ഉത്തരവിട്ടു. പുകയുയരുന്നതുകാണാനും മൊബൈൽ ഫോണിൽ പകർത്താനും ഏറെപേർ ഇവിടെയെത്തുന്നുണ്ട്.
ഭൂമിക്കടിയിൽ സൾഫറിന്റെ സാന്നിധ്യമുണ്ടെങ്കിലും ഇത്തരം പ്രതിഭാസങ്ങളുണ്ടാകാമെന്ന് തിരുവനന്തപുരം ഐസറിലെ ശാസ്ത്രജ്ഞൻ ഡോ. കാന എം. സുരേശൻ പറഞ്ഞു. സൾഫർ ചൂടായി നീരാവിയായി പുറത്തേക്കുവരാം. അത് പുകപോലെ തോന്നിക്കാം. എന്നാൽ, ഇത് പരിശോധിക്കാതെ ആധികാരികമായി പറയാനാവില്ല. മറ്റൊരു സാധ്യത, മരത്തിനുള്ളിലെ പോടുകളിൽ ചില പ്രത്യേകതരം ഫംഗസുകളുണ്ടാകാം. അവയുടെ പ്രത്യുത്പാദന വസ്തുവായ സ്പോറുകൾ പുറത്തേക്കുവരുമ്പോഴും പുകയെന്ന് തോന്നിയേക്കാം. ഇത്തരം പ്രതിഭാസങ്ങൾ പലയിടത്തുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.