പെരുമണ്ണ: ലൈഫ് ഭവനപദ്ധതിയുടെ അപേക്ഷകരുടെ ലിസ്റ്റ് പരിശോധിച്ച് നവംബർ 30 നകം ഗുണഭോക്താക്കളെ കണ്ടെത്തണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടായിട്ടും പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ 10,16,18 വാർഡുകളിൽ ഉദ്യോഗസ്ഥരില്ലാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ പെരുമണ്ണ അങ്ങാടിയിൽ പ്രകടനവും പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരവും നടത്തി.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം കൃഷി അസിസ്റ്റൻറാണ് ഈ വാർഡുകളിൽ പരിശോധന നടത്തേണ്ടത്. എന്നാൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും, കാർഷികോൽപാദന കമ്മീഷണറുടെയും ഉത്തരവ് പ്രകാരം കൃഷി വകുപ്പ് ജീവനക്കാർ കാർഷികേതര ജോലികൾ ചെയ്യേണ്ടതില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും കൃഷി വകുപ്പിൻ്റെയും പരസ്പര വിരുദ്ധമായ ഉത്തരവുകൾ കാരണം അർഹരായ നിരവധി ആളുകൾക്കാണ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ പോകുന്നത്.ഇതിനെ തിരെയാണ് യു.ഡി.എഫ് മെമ്പർമാർ പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധത്തിന് ഗ്രാമപഞ്ചായത്തംഗങ്ങളായ വി.പി.കബീർ, കെ.പി.രാജൻ, എം.സെമീറ, എം.കെ.റംല ,കെ.സെക്കീന, ഇ.നാസില എന്നിവർ നേതൃത്വം നൽകി