ബംഗളൂരു : കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ആശങ്കയുയർത്തുന്നതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ടുപേർക്ക് ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിൾ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇരുവരും ക്വാറന്‍റീനിലാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. വിശദമായ പരിശോധന ഫലം ലഭിച്ചാലേ കൊറോണ വൈറസിന്‍റെ ഏത് വകഭേദമാണ് ഇവർക്ക് റിപ്പോർട്ട് ചെയ്തതെന്ന് കണ്ടെത്താനാകൂ.
നവംബർ ഒന്നിനും 26നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിലെത്തിയത്. ഇതിൽ രണ്ട് പേർ മാത്രമാണ് കോവിഡ് പോസിറ്റീവായത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല -ബംഗളൂരു റൂറൽ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.
ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ കർശന പരിശോധനക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിനും 26നും ഇടയിൽ ഹൈ റിസ്ക് വിഭാഗത്തിലെ രാജ്യങ്ങളിൽ നിന്ന് 584 പേർ ബംഗളൂരുവിലെത്തിയിട്ടുണ്ട്.
ബെല്‍ജിയത്തിനു പിന്നാലെ ജര്‍മനിയിലും ‘ഒമിക്രോണ്‍’
കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ഒരാളിലാണ് രോഗം സംശയിക്കുന്നത്. ഒമൈക്രോണ്‍ സ്ഥിരീകരിച്ചയാളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.യാത്രക്കാരന്‍ നിലവില്‍ ഐസൊലേഷനിലാണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും പടിഞ്ഞാറൻ സംസ്ഥാനമായ ഹസെയിലെ സാമൂഹികകാര്യ മന്ത്രി കെയ് ക്ലോസ് വ്യക്തമാക്കി.
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകാനും പരിശോധന നടത്താനും നിർദേശിച്ചതായി കെയ് ക്ലോസ് പറഞ്ഞു.
ജർമ്മനിയും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ വൈറസ് കേസുകളിൽ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റും റിപ്പോര്‍ട്ട് ചെയ്യുന്നത്. ജർമ്മനിയിൽ ശനിയാഴ്ച 67,125 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ജര്‍മ്മനി വിലക്കൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് ജർമനി. നേരത്തെ ബെല്‍ജിയത്തിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
തേസമയം കൊവിഡിന്‍റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ആഗോള സാമ്പത്തിക രംഗം. കൂടുതല്‍ രാജ്യങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തിക മേഖലയില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ ലോകമെങ്ങും ഇന്നലെ ഓഹരി വിപണി ഇടിഞ്ഞിരുന്നു.