കൊച്ചി: എറണാകുളം കിഴക്കബലത്ത് പൊലീസിന് നേരെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം. കുന്നത്തുനാട് സി ഐ വി ടി ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു.
ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. കിറ്റെക്‌സ് കമ്ബനിയിലെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും ഇവര്‍ ആക്രമിച്ചു.
പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പിരവേശിപ്പിച്ചു. 150ലേറെ അന്യസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു.