മലപ്പുറം: സംസ്ഥാനത്ത് 20 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴില്‍മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടന പരിപാടിയില്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. മേല്‍മുറി മഅ്ദിന്‍ പോളിടെക്നിക് ക്യാമ്പസില്‍ സംഘടിപ്പിച്ച മേളയില്‍ ഐ.ടി, ടെക്സ്റ്റയില്‍സ്, ജുവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ 73 പ്രമുഖ കമ്പനികള്‍ പങ്കെടുത്തു.

3,850 ഒഴിവുകളിലേക്കായി ഏഴാംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്കും പ്രൊഫഷനല്‍ യോഗ്യതകള്‍ ഐ.ടി.ഐ, പോളിടെക്‌നിക്, പാരാമെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്കും തൊഴില്‍മേളയിലൂടെ അവസരം ലഭിച്ചു. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തങ്ങളുടെ യോഗ്യതക്കും താത്പര്യത്തിനും അനുസൃതമായി തൊഴില്‍ തെരഞ്ഞെടുക്കുന്നതിനും മേള അവസരമൊരുക്കി. ഇന്ത്യന്‍ വ്യോമസേനയുടെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള നടപടിക്രമങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി സേനയുടെ നേരിട്ടുള്ള സ്റ്റാളും മേളയിലുണ്ടായിരുന്നു.  


സംസ്ഥാനത്ത് മൂന്ന് മേഖലകളില്‍ മാത്രമായി നടത്തി വന്നിരുന്ന തൊഴില്‍മേള കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം എല്ലാ ജില്ലകളിലുമായി നടത്താന്‍ തീരുമാനിച്ചത്. ഇത് കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് അവസരമൊരുക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തുന്ന തൊഴില്‍മേളകളിലൂടെ സ്വകാര്യമേഖലയിലെ 25,000 തൊഴിലുകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. ജനുവരി എട്ട് വരെ വിവിധ ജില്ലകളിലായി മെഗാ തൊഴില്‍മേള നടക്കും.

Previous Post Next Post

Whatsapp news grup