◼️ കാളികാവ് ചോക്കാട് ഗ്രാമപ്പഞ്ചായത്തിലെ ഉദരംപൊയിൽ ഗവ. എൽ.പി. സ്‌കൂൾ അധ്യാപകൻ എലിക്കോടൻ അലി അക്ബറിനെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മർദിച്ചു. സ്‌കൂൾസമയത്ത് യോഗം തടഞ്ഞതിനെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിനിടയാക്കിയതെന്നാണു പരാതി. അധ്യാപകനെ കാളികാവ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അധ്യാപകൻ കൈയേറ്റംചെയ്യുകയും മർദിക്കുകയുമാണുണ്ടായതെന്നാരോപിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ആരോപിച്ചു. ചോക്കാടിൽ അധ്യാപകരെ വിവരമറിയിക്കാതെയാണ് സ്‌കൂളിൽ യോഗം നിശ്ചയിച്ചതെന്നാണ് ആരോപണം. കോവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ പഠനസമയത്ത് രക്ഷിതാക്കളുൾപ്പെടെ സ്‌കൂളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അറിയിപ്പില്ലാതെ ഒരുകൂട്ടം സ്ത്രീകൾ സ്‌കൂളിൽ സംഘടിച്ചതുകണ്ട് അധ്യാപകൻ കാര്യമന്വേഷിച്ചു. പ്രസിഡന്റിന്റെ നിർദേശപ്രകാരം യോഗംചേരാൻ എത്തിയതാണെന്നായിരുന്നു വന്നവരുടെ മറുപടി. സ്‌കൂൾസമയത്ത് യോഗം ചേരാൻ പാടില്ലെന്ന നിർദേശമുള്ളതിനാൽ ആളുകളോട് പുറത്തുപോകാൻ അധ്യാപകൻ ആവശ്യപ്പെട്ടു. ആളുകൾ ഇറങ്ങിപ്പോകുന്നതിനിടയിൽ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തെന്നാണ് അധ്യാപകൻ പറയുന്നത്.
◼️ പാണ്ടിക്കാടിൽ പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ മകനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒടോമ്പറ്റ മേലേതിൽ ഉമ്മറിനെയാണ്(46) പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പിടിച്ചുമാറ്റാൻ ചെന്ന ഉമ്മറിന്റെ പിതൃസഹോദരൻ ഇബ്രാഹിം കുഴഞ്ഞുവീണ് മരിച്ചിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ഉമ്മർ പിതാവായ അബൂബക്കറിനെ മർദിക്കുകയായിരുന്നു.
◼️ കാക്കഞ്ചേരി ദേശീയപാത66ൽ വളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റിട്ട.അസിസ്റ്റൻറ് രജിസ്റ്റാർ രാമനാട്ടുകര അശ്വതിയിൽ ടി.വി അശോകൻ(72) മരണപെട്ടു. യൂണിവേഴ്സിറ്റി ഭാഗത്തുനിന്നും ഇടിമൂഴിക്കൽ ഭാഗത്തേക്ക് ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറിനു പിന്നിൽ അതെ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
◼️ മക്കരപ്പറമ്പ് അങ്ങാടിയിലെ പലചരക്കുകടയിൽനിന്ന് റേഷൻ സാധനങ്ങൾ പൊതുവിതരണവകുപ്പ് വിഭാഗം പിടിച്ചെടുത്തു. 115 ലിറ്റർ നീല മണ്ണെണ്ണ, 60 കിലോ റേഷൻ കുത്തരി, 40 കിലോ റേഷൻ ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. ഇടവഴിക്കൽ സ്റ്റോർ എന്ന കടയിൽനിന്ന് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലാണ് ഇവ കണ്ടെത്തിയത്. അരിയും ഗോതമ്പും ഉപഭോക്താക്കൾ വാങ്ങിയശേഷം ഈ കടയിൽ നൽകി പകരം മറ്റുസാധനങ്ങൾ വാങ്ങിക്കൊണ്ടുപോകുന്നതാണെന്നാണ് കടക്കാർ നൽകിയ വിവരം.
◼️ മലപ്പുറത്ത് കെ.എസ്.ആർ.ടി.സി. മലപ്പുറം ഡിപ്പോയിൽ ബസ് തട്ടി ചുറ്റുമതിൽ തകർന്നു. കുന്നുമ്മലിൽ മഞ്ചേരി ബസ്‌സ്റ്റോപ്പിനു പിന്നിലെ മതിലാണ് പൊളിഞ്ഞത്. എ.സി. ബസ് പിന്നോട്ടെടുക്കുന്നതിനിടെ മതിലിൽ തട്ടുകയായിരുന്നു. മതിൽ തകർന്ന് കല്ലും മണ്ണുമടക്കം ബസ്‌സ്റ്റോപ്പിലേക്ക് വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ്‌സ്റ്റോപ്പിൽ യാത്രക്കാർ കുറവായതിനാൽ ദുരന്തമൊഴിവായി. മലപ്പുറത്ത് ദിവസങ്ങൾക്കുമുൻപും കെ.എസ്.ആർ.ടി.സി. ഡ്രൈവർ ബസ് തിരിക്കുന്നതിനിടെ മതിൽ പൊളിഞ്ഞിരുന്നു. പിന്നീട് അദ്ദേഹംതന്നെ അത് അറ്റകുറ്റപ്പണി നടത്തി. ഈ ഭാഗമുൾപ്പെടെ 10 മീറ്ററോളം നീളത്തിലാണ് മതിൽ പൊളിഞ്ഞത്. അന്വേഷണം നടത്താൻ സ്റ്റേഷൻ ഇൻസ്‌പെക്ടറെ ചുമതലപ്പെടുത്തി. ഇന്ന് രാവിലെ പരിശോധന നടത്തും. ഈ ചുറ്റുമതിലിനുള്ളിലാണ് കെ.എസ്.ആർ.ടി.സി. വർക്‌ഷോപ്പ്. ഇവിടേക്കുവരുന്ന ബസുകൾ തിരിക്കുമ്പോൾ മതിലിലിടിക്കുക പതിവാണ്. കഴിഞ്ഞവർഷവും ഇവിടെ മതിൽ വീണിരുന്നു.
◼️ മലപ്പുറം സ്വദേശി അടക്കം, മംഗളൂരുവിൽ ജെപ്പു ഗുജ്ജരക്കരെയിലെ യേനപ്പോയ കോളേജ് ഹോസ്റ്റലിലും സമീപത്തുമായി രാത്രിയുണ്ടായ അക്രമസംഭവങ്ങളിൽ എട്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ. കൊല്ലം സ്വദേശി ആദർശ് പ്രേംകുമാർ (21), തൃശ്ശൂരിലെ മുഹമ്മദ് നസീഫ് (21), കൊല്ലം അഞ്ചലിലെ വിമൽരാജ് (20), കോഴിക്കോട്ടെ സി.മുഹമ്മദ് (20), മലപ്പുറത്തെ ഷഹീദ് (20), എറണാകുളത്തെ കെൻ ജോൺസൺ (19), ഫഹാദ് മനാഫ് (21), അബു താഹിർ (23) എന്നിവരെയാണ് മംഗളൂരു സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമം തുടങ്ങിവെച്ച രണ്ടുപേർ പരസ്പരം നൽകിയ പരാതിയിലാണ് അറസ്റ്റ്.
◼️ മലപ്പുറം നഗരസഭയുടെ 'മാലിന്യം ചുരുങ്ങും മലപ്പുറം തിളങ്ങും' കാമ്പയിനിന്റെ ഭാഗമായി ബയോബിൻ വിതരണം തുടങ്ങി. സമഗ്ര മാലിന്യനിർമാർജന പദ്ധതികളുടെ ഭാഗമായി 40 വാർഡുകളിലായി 908 ഗുണഭോക്താക്കൾക്കാണ് ബയോബിൻ നൽകുക. 2020-21 പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി 18.50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി. 40 വാർഡുകളിലായി 1444 ഗുണഭോക്താക്കൾക്ക് നേരത്തേ ബക്കറ്റ് കമ്പോസ്റ്റ് യൂണിറ്റ് വിതരണംചെയ്തിരുന്നു. 12.50 ലക്ഷം രൂപയാണ് അതിന്റെ ചെലവ്.
◼️ താനൂർ നഗരസഭയിലെ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ തെരുവുവിളക്കുകൾ കത്താത്തതും ശുചിമുറികളില്ലാത്തതും വിനോദസഞ്ചാരികളെ വലയ്ക്കുന്നു. ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഈ വിനോദസഞ്ചാരകേന്ദ്രത്തിലെ ദുരവസ്ഥയെക്കുറിച്ച് നാട്ടുകാരും വിവിധ സംഘടനകളും നിരവധി തവണ പരാതി നൽകിയിട്ടും പരിഹാരമേതുമായില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തത് ഇവിടെ വലിയ പ്രയാസമാണുണ്ടാക്കുന്നത്. നടപ്പാതയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കും തെരുവുവിളക്കുകളും പ്രവർത്തിക്കുന്നില്ല.
◼️ പെരിന്തൽമണ്ണയിൽ ഇനി ഈ മരം മുറിച്ചുമാറ്റാതെ മാർഗമില്ല. വന്നവർക്കാർക്കും മുറിക്കാൻ സാധിച്ചുമില്ല. മരത്തിനുതാഴെ എപ്പോൾ വേണമെങ്കിലും മറിഞ്ഞുവീഴാറായി വലിയ മതിലും. ഈയവസ്ഥയിൽ തത്കാലം ഒരു മുന്നറിയിപ്പെങ്കിലും നൽകുകയല്ലാതെ എന്തുചെയ്യുമെന്ന് അധികൃതരും. പെരിന്തൽമണ്ണ ഹെഡ് പോസ്റ്റോഫീസ് വളപ്പിലെ രണ്ടു വലിയ മരങ്ങളും മതിലുമാണ് പ്രശ്‌നം. ചീനിമരങ്ങൾ വർഷങ്ങളായി വളപ്പിൽ മതിലിനോടുചേർന്ന് പന്തലിച്ചുനിൽക്കുന്നു. മരങ്ങളുടെ വേരുകൾ തള്ളിക്കയറി പത്തടിയോളം ഉയരമുള്ള ചുറ്റുമതിൽ അപകടാവസ്ഥയിലായിരിക്കുകയാണ്. പെരിന്തൽമണ്ണയിൽ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടപ്പോൾ മുതൽ മരംവെട്ടുകാരെയും സന്നദ്ധസംഘടനാ പ്രവർത്തകരെയുമെല്ലാം അധികൃതർ ബന്ധപ്പെട്ടു. എന്നാൽ മരത്തിന്റെ ഇരുവശത്തുമായി പോകുന്ന വൈദ്യുതിക്കമ്പികളും ചുറ്റുവട്ടത്തെ കെട്ടിടങ്ങളും കാരണം വെട്ടാൻ ആരും തയ്യാറായില്ല. ഇതോടെയാണ് കഴിഞ്ഞദിവസം മതിലിൽ പലയിടത്തായി അധികൃതർ മുന്നറിയിപ്പ് പതിപ്പിച്ചത്. 'ശ്രദ്ധിക്കുക മതിൽ അപകടത്തിലാണ്, വാഹനങ്ങൾ പാർക്ക് ചെയ്യരുത്' എന്നാണ് മുന്നിറിയിപ്പ്. നിരവധി ആളുകൾ പോസ്റ്റോഫീസിലേക്കും തൊട്ടടുത്ത ബി.എസ്.എൻ.എൽ. ഓഫീസിലേക്കും പോകുന്നത് മതിലിനോടുചേർന്ന റോഡിലൂടെയാണ്.
◼️ നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിൽ ഉൾപ്പെടാത്ത വഴിക്കടവ്-മഞ്ചേരി ഭാഗം ഉടൻ പ്രവൃത്തി നടത്തണമെന്നും മലയോര ഹൈവേ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും നിലമ്പൂർ താലൂക്ക് വികസനസമിതി യോഗം. കവളപ്പാറയിൽ ഇനിയും വീട് ലഭ്യമാകാത്തവർക്ക് ഉടൻ വീട് ലഭ്യമാക്കാനും പ്രളയത്തിൽ കൃഷിഭൂമിയിൽ വന്നടിഞ്ഞ മണ്ണ് നീക്കംചെയ്യാനോ വേറെ കൃഷിഭൂമി നൽകാനോ നടപടി വേണമെന്നാവശ്യപ്പെട്ട് സർക്കാർതലത്തിൽ സമ്മർദം ചെലുത്താനും താലൂക്ക് വികസനസമിതി തീരുമാനിച്ചു.
◼️ പെരിന്തൽമണ്ണ താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി. പൊതുമരാമത്ത് പ്രവൃത്തികളുടെ കമ്മീഷൻ സംബന്ധിച്ചുള്ള തർക്കം കാരണം കരാറുകാർ ടെൻഡർ ബഹിഷ്‌കരിച്ചു എന്ന വ്യാജപ്രചാരണമാണു നടത്തിയത്. ഗ്രാമപ്പഞ്ചായത്തിന്റെ ഭരണനടപടികൾ മികച്ച രീതിയിലും സുതാര്യവുമായാണ് നടക്കുന്നതെന്നും ഇതു തടയിടാനും ഭരണസമിതിയെ അപകീർത്തിപ്പെടുത്താനുമാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും പരാതിയിൽ.