◼️ കുറ്റിപ്പുറത്ത് അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെത്തുടർന്ന് കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ ഹസ്ന മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ സംഘം കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനെത്തിയത്. യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്തു. ഉച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ സംഘം ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
◼️ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ഉണ്ണികൃഷ്ണൻ വാരണാസിയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിലെ അഞ്ചുകിലോമീറ്റർ നടത്തമത്സരത്തിൽ നടന്ന് സ്വർണം നേടി. ദേശീയ, അന്തർദേശീയ അത്‌ലറ്റിക്‌സിൽ നേരത്തെയും മെഡലുകൾ നേടിയിട്ടുണ്ട്. 2013-ൽ ജപ്പാനിലെ ടോക്യോവിൽനടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ അഞ്ചു കിലോമീറ്റർ നടത്തത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. ഫ്രാൻസിലെ ലിയോണിൽനടന്ന മാസ്റ്റേഴ്സ് ഒളിംപിക്സിൽ നടത്തത്തിൽ പത്താംസ്ഥാനവും നേടി. 2017-ൽ ചൈനയിലും 2019-ൽ മലേഷ്യയിലും നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ വെള്ളിയും നേടി.
◼️ പാണ്ടിക്കാടിൽ മരംകയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാനപാതയിലെ പുക്കൂത്ത് കാരക്കണ്ടൻ പാറയ്ക്കു സമീപമാണ് അപകടം. ലോറിഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂരിൽനിന്ന് പൂളമണ്ണയിലെ തീപ്പെട്ടിക്കമ്പനിയിലേക്ക് മരത്തടിയുമായിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
◼️ തിരൂരിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നഗരസഭ ചെലവഴിച്ച പണത്തിന്റെ കണക്കിനെച്ചൊല്ലി തിരൂർ നഗരസഭാ കൗൺസിലിൽ ബഹളം. വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും നഗരസഭാധ്യക്ഷ ജനാധിപത്യപരമായി സംസാരിക്കാൻ അവസരം നൽകിയില്ലെന്നും ആരോപിച്ച് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ഇവർ നഗരസഭാ കാര്യാലയത്തിനു മുൻപിൽ പ്രതിഷേധിച്ചു. തിരൂരിൽ അജൻഡയിൽ നാളിതുവരെ ചെലവഴിച്ച കണക്ക് കൗൺസിലിന് മുൻപിൽ വെക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നഗരസഭാഭൂമി െെകയേറിയിട്ടും നടപടിയെടുക്കാതെ നഗരസഭ കൈയും കെട്ടി നോക്കിനിൽക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സി.എഫ്.എൽ.ടി.സി.കളിൽ ജോലി ചെയ്ത നഴ്സുമാരേക്കാൾ നാലിരട്ടി തുക വൊളന്റിയർമാർക്ക് നൽകിയതിൽ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ കൗൺസിലർമാർ.
◼️ കൊണ്ടോട്ടിയിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന കൊണ്ടോട്ടി-എടവണ്ണപ്പാറ-അരീക്കോട് റോഡ് ഗതാഗതയോഗ്യമാക്കാനായി അടിയന്തരപ്രവൃത്തികൾ തുടങ്ങി. റീ ടാറിങ്, ഡ്രൈനേജ്-കലുങ്ക് നിർമാണം തുടങ്ങിയവ ആരംഭിക്കും. മഴ കഴിയുന്നമുറയ്ക്ക് മറ്റ് പ്രവൃത്തികൾ തുടങ്ങാനാണ് തീരുമാനം. കുടിവെള്ള പദ്ധതിക്കായി കുഴലുകൾ സ്ഥാപിക്കുന്നതിന് റോഡ് കീറിമുറിച്ചതിനാൽ പലയിടങ്ങളിലും ഗതാഗതം ദുസ്സഹമാണ്. ഏറെക്കാലമായി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ് റോഡ്.
◼️ കാളികാവിൽ പ്ലാസ്റ്റിക്കിനെതിരെ വേറിട്ട ബോധവത്കരണവുമായി പാറൽ മമ്പാട്ടുമൂല എ.എച്ച്.എസ്. സ്കൂൾ വിദ്യാർഥികൾ. കഴിച്ച് ഒഴിവാക്കിയ മിഠായികളുടെ പൊതികൾ കൊണ്ട് ‘പ്ലാസ്റ്റിക് ഭീകരന്’ രൂപംനൽകിയായിരുന്നു ബോധവത്കരണം. സ്കൂൾ തുറന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ഇത്രമാത്രം പ്ലാസ്റ്റിക് പൊതികൾ അടങ്ങിയ മിഠായികൾ ഉപയോഗിച്ചുവെന്ന് കുട്ടികളെ ബോധ്യപ്പെടുത്താൻ ഇതിലൂടെ കഴിഞ്ഞു. പരിസ്ഥിതി ക്ലബ്ബും ആർട്സ് ക്ലബ്ബും ചേർന്നാണ് ബോധവത്കരണം നടത്തുന്നത്.
◼️ മലപ്പുറം ജില്ലയ്ക്കാണ് സാമൂഹികനീതിവകുപ്പ് ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട് നൽകുന്ന 2021-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. 18 അവാർഡുകളിൽ ഏഴെണ്ണവും. ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന മികച്ച സ്ഥാപനം, ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം, ഭിന്നശേഷിക്കാരിൽനിന്ന് സർക്കാർ മേഖലയിലെ മികച്ച ഉദ്യോഗസ്ഥൻ, കേൾവി-സംസാര ശേഷിക്കുറവുള്ളവരിൽനിന്ന് സ്വകാര്യമേഖലയിലെ മികച്ച തൊഴിലാളി, ചലനശേഷിക്കുറവുള്ളവരുടെ വിഭാഗത്തിൽ നിന്നുള്ള മികച്ച തൊഴിലാളി, ബെസ്റ്റ് ക്രിയേറ്റീവ് ചൈൽഡ് എന്നീ വിഭാഗങ്ങളിലാണ് ജില്ലയ്ക്ക് അവാർഡ് ലഭിച്ചത്. മൂന്നിന് തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
◼️ നിലമ്പൂർ നഗരത്തിലൂടെ പോകുന്ന കെ.എൻ.ജി. റോഡ് പലസ്ഥലങ്ങളിലും തകർന്നിട്ട് വർഷങ്ങളായി. ഇതൊരു നഗരത്തിന്റെ ആസ്ഥാനമല്ലേ, ഇവിടെയെങ്കിലും റോഡൊന്നു നന്നാക്കിക്കൂടെ എന്നു ചോദിക്കുന്നവർ ധാരാളമാണ്. പക്ഷേ, ഒരു മാറ്റവുമില്ല. എപ്പോഴെങ്കിലും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതുപോലെ അൽപ്പം മെറ്റലും ടാറും ഉപയോഗിച്ച് ഒന്ന് 'വീശി'പ്പോകും. ഏതാനും ദിവസംമാത്രം റോഡ് നന്നാകും. വീണ്ടും പഴയപോലെ. ഇതിനൊക്കെ എന്നാണൊരു മാറ്റം എന്ന് അധികൃതരോട് ചോദിച്ചാലും ഉത്തരം ലഭിക്കില്ല. ഉടനെയുണ്ടാവും, നോക്കട്ടെ എന്നൊക്കെയുള്ള സ്ഥിരം മറുപടികൾ തന്നെ. നിലമ്പൂരിൽ കരിമ്പുഴ മുതൽ വടപുറം വരെയുള്ള സ്ഥലത്തുകൂടിയാണ് നിലമ്പൂർ നഗരസഭയിൽ കെ.എൻ.ജി. റോഡുള്ളത്. ഇതിൽ കരിമ്പുഴ മുതൽ ചന്തക്കുന്നു വരെ വലിയ കുഴപ്പമില്ല. ചന്തക്കുന്നു മുതൽ വടപുറം വരെ ഇടവിട്ട സ്ഥലങ്ങളിൽ കുഴികൾതന്നെ. ഈ മൂന്ന്, മൂന്നരക്കിലോമീറ്റർ പരിധിയിൽമാത്രം ഇരുപതിലേറെ കുഴികളാണ് കെ.എൻ.ജി. റോഡിലുള്ളത്. കുഴികളിൽ ചിലപ്പോൾ കുറച്ചു മെറ്റലിട്ട് നികത്തും. ഏതാനുംദിവസം വാഹനങ്ങൾ പോകുമ്പോൾത്തന്നെ അവിടെ വീണ്ടും കുഴികൾ രൂപപ്പെടും. ഒരു മാസം മുൻപാണ് വടപുറംപാലം കഴിഞ്ഞുള്ള സ്ഥലത്തുണ്ടായിരുന്ന വലിയ കുഴികൾ ടാറിട്ടു നികത്തിയത്. ഇപ്പോൾ അതിലും വലിയ കുഴികൾ രൂപപ്പെട്ടു തുടങ്ങി.
◼️ കരിപ്പൂരിൽ ഹജ്ജ് പുറപ്പെടൽകേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കേന്ദ്ര ന്യൂനപക്ഷമന്ത്രി, സിവിൽ ഏവിയേഷൻ മന്ത്രി തുടങ്ങിയവർക്ക് രണ്ടുലക്ഷം ഇ മെയിൽ സന്ദേശമയക്കുന്ന പദ്ധതിക്ക് തുടക്കമായി.
◼️ എടപ്പാളിൽ തദ്ദേശസ്വയംഭരണവകുപ്പും കൃഷിവകുപ്പും തമ്മിൽ നിലനിൽക്കുന്ന തർക്കം മൂലം വട്ടംകുളം പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാകുന്നതായി പരാതി. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും കൃഷി അസി. ഡയറക്ടർ ഓഫീസിനു മുൻപിൽ നിൽപ്പുസമരം നടത്തി.
◼️ തേഞ്ഞിപ്പലത്ത് കോഹിനൂർ വിമാനത്താവള റോഡിൽ ദേവതിയാലിന് സമീപം തകർന്ന കലുങ്ക് പുനർനിർമിക്കും. തകർന്ന റോഡ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. കലുങ്ക് പുനർനിർമ്മിക്കാൻ 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതായും ഭരണാനുമതി ലഭിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കലുങ്കിന്റെ തകർന്ന ഭാഗത്ത് ക്വാറിമണ്ണ് നികത്തി താത്കാലികമായി ഗതാഗതയോഗ്യമാക്കും.