ന്യൂഡല്‍ഹി: ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകന യോഗത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാന ആവശ്യം മുന്നോട്ട് വച്ചു. ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 15ന് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് സിവില്‍ വ്യോമയാന മന്ത്രാലയം മരവിപ്പിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, നിലവില്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസുകള്‍ തുടരും.
ഡല്‍ഹിയിലെത്തിയ നാല് യാത്രക്കാര്‍ക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നാല് പേരും ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇവരുടെ സാമ്പിളുകള്‍ തുടര്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.