താനൂര്‍ - തെയ്യാല റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിന് മുന്നോടിയായി ട്രാഫിക് ക്രമീകരണങ്ങള്‍ ഒരുക്കാന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. റെയില്‍വെ ഗേറ്റ് അടച്ചിടുന്നത് യാത്രക്കാരെ അറിയിക്കാന്‍ എല്ലാ ജംഗ്ഷനുകളിലും ഡൈവെര്‍ഷന്‍ ബോര്‍ഡ് സ്ഥാപിക്കണം. റെയില്‍വെ മേല്‍പാലം ഫയലിങ് പ്രവൃത്തി സമയത്ത് റെയില്‍വെ ഗേറ്റ് അടച്ചിടുന്നതിനും ഫയലിങ് പ്രവൃത്തി പൂര്‍ത്തിയായതിനു ശേഷം ചെറിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനും തീരുമാനമായി. 


തെയ്യാല ഭാഗത്തു നിന്ന് വരുന്ന ബസുകള്‍ക്കും ഓട്ടോകള്‍ക്കും കാട്ടിലങ്ങാടി റോഡില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാനും ഗുഡ്‌സ് വാഹനങ്ങളുടെ പാര്‍ക്കിങ് പ്രശ്‌ന പരിഹാരത്തിനായി താനൂര്‍ നഗര സഭാ ചെയര്‍മാന്‍, പോലീസ് അധികൃതര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. നിലവിലുള്ള അണ്ടര്‍ ബ്രിഡ്ജ് സൗകര്യപ്രദമാണോ എന്നും വാഹന ഗതാഗതത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുമോ എന്നതും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ താനൂര്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തി. 


താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍ യോഗത്തില്‍ അധ്യക്ഷനായി. തിരൂര്‍ ആര്‍.ഡി.ഒ പി.സുരേഷ്, തഹസില്‍ദാര്‍ പി. ഉണ്ണി, താനൂര്‍ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്‍, നഗരസഭാ സെക്രട്ടറി, ആര്‍.ഡി.ബി.സി പ്രതിനിധികള്‍, ജോയിന്റ് ആര്‍.ടി.ഒ, ഓട്ടോ ടാക്‌സി തൊഴിലാളി - പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു



Previous Post Next Post

Whatsapp news grup