കൊച്ചി: എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം മെഷീനില്‍ നിന്നും പണം കവര്‍ച്ച നടത്തുന്ന ഉത്തരേന്ത്യന്‍ സംഘത്തെ കൊച്ചിയില്‍ പിടികൂടി. ഇവരില്‍ നിന്നും വിവിധ ബാങ്കുകളുടെ നിരവധി എ.ടി.എം കാര്‍ഡുകളും പണവും പിടിച്ചെടുത്തു. രാജസ്ഥാന്‍ സ്വദേശികളാണ് പിടിയിലായവര്‍.രണ്ടോ മൂന്നോ പേരുള്ള ചെറുസംഘമായി എ.ടി.എം കൗണ്ടറുകളില്‍ എത്തി മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വിവിധ ബാങ്കുകളുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുകയാണ് ഇവരുടെ രീതി. കൊച്ചിയിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് ഈ രീതിയില്‍ 10 ലക്ഷത്തില്‍ പരം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് പറയുന്നത്.
പണം പിന്‍വലിച്ച ശേഷം ബാങ്കുമായി ഇ-മെയില്‍ വഴി പരാതിപ്പെട്ട് പണം തിരിച്ച് അക്കൗണ്ടില്‍ വരുത്തുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. തട്ടിപ്പിന് ഇരയായ എസ്.ബി.ഐ ബാങ്ക് അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് ചേരാനല്ലൂര്‍ പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. രാജസ്ഥാന്‍ സ്വദേശികളായ ആഷിഫ് അലി, ഷാഹിദ് ഖാന്‍ എന്നിവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഘത്തില്‍ കൂടുതല്‍ പേരുള്ളതായി പ്രതികളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണവും തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയത്. എറണാകുളത്തെ ഇടപ്പള്ളി, പോണേക്കര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് എസ്.ബി.ഐ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. മെഷീനുകളുടെ പ്രവര്‍ത്തന രീതി നന്നായി അറിയാവുന്നവരാണ് സംഘത്തിലുള്ളത് എന്ന് പോലീസ് പറയുന്നു. പണം എടുത്ത ശേഷം പിന്നീട് ഇവര്‍ വിമാന മാര്‍ഗ്ഗം കടക്കും.
അന്വേഷണം തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും ഇവരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു.ബൈക്കുകള്‍ വാടകയ്‌ക്കെടുത്താണ് സംഘം നഗരത്തില്‍ ചുറ്റിത്തിരിഞ്ഞത്.ഇങ്ങനെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതും.അടുത്ത കവര്‍ച്ച ആസൂത്രണം ചെയ്ത ശേഷം കൊച്ചിയിലേക്ക് വിമാന മാര്‍ഗം എത്തുമ്പോള്‍ ആയിരുന്നു ഇവരെ പിടികൂടിയത്.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എ.ടി.എം കാര്‍ഡുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.കാര്‍ഡ് ഉപയോഗിക്കുന്നതിന് അവര്‍ക്ക് പണവും നല്‍കിയിരുന്നു.