🔳ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹം കണ്ണൂര്‍ തളിപറമ്പില്‍ ഇന്നു സംസ്‌കരിക്കും. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി കോളജ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബന്ധുവിനെ സഹായിക്കാനാണ് കോളജില്‍ എത്തിയതെന്നാണ് പോലീസിനു മൊഴി നല്‍കിയത്. സ്വയംരക്ഷക്കാണു കത്തി കരുതിയത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയേയും അറസ്റ്റു ചെയ്തു. വേറേയും അഞ്ചു പേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.


🔳ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം പതിനാറു ഗുണ്ടകള്‍ വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തി. കേസില്‍ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മയക്കുമരുന്ന് പാര്‍ട്ടി അരങ്ങേറിയത്. കമ്പളക്കാട് മുഹ്സിന്‍ എന്ന ഗുണ്ടാനേതാവിന്റെ വിവാഹ വാര്‍ഷികാഘാഷത്തിനായാണ് ലഹരിവിരുന്നു നടത്തിയത്.  അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി. ടിപി വധക്കേസിലെ പ്രതി കിര്‍മാണി മനോജ് പരോളില്‍ പുറത്തിറങ്ങിയിരിക്കുകയായിരുന്നു.


🔳മനുഷ്യശരീരത്തിലേക്കു പന്നിയുടെ ഹൃദയം മാറ്റിവച്ചു. ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരം. വൈദ്യശാസ്ത്രത്തില്‍ വഴിത്തിരിവായ സംഭവം ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് നടന്നത്. 57 കാരനായ ഡേവിഡ് ബെന്നറ്റിനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ചരിത്രത്തില്‍ ആദ്യമാണ് ഈ സംഭവമെന്ന് ശസ്ത്രക്രിയക്കു നേതൃത്വം നല്‍കിയ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. ബാര്‍ട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.


🔳ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് ലോകായുക്തയില്‍ ഹര്‍ജി. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കു പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്തെഴുതിയത് അധികാര ദുര്‍വിനിയോഗമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് പരാതി നല്‍കിയത്.


🔳എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്ചത്തേക്ക് അടച്ചു. സംഘര്‍ഷാവസ്ഥ മൂലമാണ് അടച്ചിടുന്നത്.  കോളജ് കൗണ്‍സില്‍ യോഗത്തിലാണ് കോളേജും ഹോസ്റ്റലും അടച്ചിടാന്‍ തീരുമാനിച്ചത്. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തിനു പിറകേയാണ് മഹാരാജാസ് കോളജില്‍  സംഘര്‍ഷമുണ്ടായത്.


🔳സ്‌കോള്‍- കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി 17 വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലാ ഓഫീസുകളില്‍ എത്തിക്കണം.


🔳ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ അന്‍വര്‍ ഷാ (22) അറസ്റ്റിലായി. കായംകുളം ബിവറേജ് ഷോപ്പിനുമുന്നില്‍ കഴിഞ്ഞ മാസം 27 നാണ് ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.  കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.


🔳പാലക്കാട് പുതുപ്പരിയാരത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ മകന്‍ സനല്‍ പിടിയില്‍. മൈസൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ സഹോദരന്‍ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താല്‍ പിടികൂടി പൊലീസിലേല്‍പിച്ചു.


🔳സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ വിമര്‍ശനം. അലന്‍ താഹ, ശുഹൈബ് എന്‍ഐഎ കേസിലും കെ റെയില്‍ പദ്ധതിയിലും സര്‍ക്കാരിനെതിരേ ചില അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.


🔳പുലഭ്യഭാഷയുടെ അതിപ്രസരമുള്ള 'ചുരുളി' സിനിമയില്‍ നിയമലംഘനമുണ്ടോയെന്നു പരിശോധിക്കാന്‍ പോലീസ് സമിതിയെ നിയോഗിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി ചിത്രം കണ്ട് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കണം. എസ്പിമാരായ ദിവ്യ ഗോപിനാഥും എ. നസീമും സമിതിയിലുണ്ട്.


🔳കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിയന്ത്രിച്ച സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിയെ ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. എതിര്‍വാദങ്ങളുമായി സര്‍ക്കാരിനു സിംഗിള്‍ ബഞ്ചിനെത്തന്നെ സമീപിക്കാമെന്നു ഡിവിഷന്‍ ബഞ്ച്.


🔳നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ നടന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന് വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍. അന്വേഷണ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് മൊഴി നല്‍കാനാണ് ഹാജരായത്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട ബാലചന്ദ്രകുമാറിനു പോലീസ് സുരക്ഷയും നല്‍കിയിട്ടുണ്ട്.


🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.


🔳ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ടീയം കെഎസ് യു ശൈലിയല്ല. എന്നും അക്രമങ്ങള്‍ക്ക് ഇര കെഎസ്യുവാണ്. അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസിന്റെ അലംഭാവം ഒരിക്കല്‍ കൂടി വ്യക്തമായെന്നും ചെന്നിത്തല ഫേസ് ബുക്കില്‍ കുറിച്ചു.


🔳ധീരജിന്റെ കൊലപാതകത്തെത്തുടര്‍ന്ന് കണ്ണൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധീരജിന്റെ മൃതദേഹം സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.


🔳ധീരജിന്റെ മരണകാരണം നെഞ്ചിലേറ്റ മുറിവാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇടതു നെഞ്ചില്‍ മൂന്നു സെന്റീമീറ്റര്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ഈയൊരറ്റ കുത്തു മാത്രമേയുള്ളൂ. എന്നാല്‍ മര്‍ദനമേറ്റതിന്റെ ചതവുകളുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്നുണ്ടായ കൊലപാതകമാണെന്നും ഗൂഡാലോചന കണ്ടെത്താനായിട്ടില്ലെന്നും പോലീസ്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യംമൂലം കുത്തിയെന്നാണു കേസിന്റെ എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.


🔳പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ കണ്ടെത്തിയെ പുലിക്കുഞ്ഞുങ്ങളെ വച്ച് തള്ളപ്പുലിയെ കൂട്ടിനകത്താക്കാനുള്ള വനംവകുപ്പിന്റെ ശ്രമം പൊളിഞ്ഞു. കൂട്ടില്‍ വച്ച ഒരു കുട്ടിയെ പുലി കൊണ്ടുപോയി. കൂട്ടിനുള്ളില്‍ ബോക്സിലായിരുന്നു കുഞ്ഞുങ്ങളെ വച്ചത്. ഈ ബോക്സ് കൈ കൊണ്ട് നിരക്കി എടുത്ത ശേഷമാണ് തള്ളപ്പുലി ഒരു കുഞ്ഞിനെ കൊണ്ടുപോയത്. ശേഷിച്ച ഒരു കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി. രണ്ടാമത്തെ കുഞ്ഞിനെ ഇന്ന് വീണ്ടും പുലിക്കൂട്ടില്‍ വച്ച് പുലിയെ പിടിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ്.


🔳മുല്ലപ്പെരിയാര്‍ ഡാമിനു സുരക്ഷാ ഭീഷണിയുണ്ടെന്നതുള്‍പ്പടെയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ആദ്യം വാദം കേള്‍ക്കേണ്ടത് ഏതു കേസിലാണെന്ന ചോദ്യത്തിന് ഇരുസംസ്ഥാനങ്ങളുടേയും അഭിഭാഷകര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചതോടെയാണു കേസുകള്‍ മാറ്റിയത്. മുല്ലപ്പെരിയാര്‍ ഡാമിന്റെ മേല്‍നോട്ട സമിതിക്കെതിരായ ഹര്‍ജിയാണ് ആദ്യം സുപ്രീംകോടതിയില്‍ എത്തിയത്. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെ ചോദ്യം ചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി, ബേബി ഡാം ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാടിന്റെ ഹര്‍ജി തുടങ്ങിയവയെല്ലാം കോടതിയിലുണ്ട്.


🔳ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും റേഷന്‍ വിതരണം മുടങ്ങി. മൂന്ന് ദിവസമായി ഇതാണവസ്ഥയെന്നു റേഷന്‍ വ്യാപാരികള്‍.


🔳വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് കവി സച്ചിദാനന്ദന്. 'ദുഃഖം എന്ന വീട്' എന്ന കവിതാ സമാഹാരത്തിനാണു പുരസ്‌കാരം. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്‌കാരം.


🔳തമിഴ്‌നാട്ടില്‍ 11 പുതിയ ഗവണ്മെന്റ് മെഡിക്കല്‍ കോളജുകളും ചെന്നൈയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ കാമ്പസും നാളെ വൈകുന്നേരം നാലിന്  പ്രധാനമന്ത്രി നരേന്ദ്ര മോദി  വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും. 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ 2145 കോടി രൂപ കേന്ദ്ര ഗവണ്മെന്റും  ബാക്കി തുക തമിഴ്‌നാട് ഗവണ്മെന്റുമാണ് വഹിക്കുന്നത്. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പൂര്‍, തിരുവള്ളൂര്‍, നാഗപട്ടണം, ഡിണ്ടിഗല്‍, കല്ല്കുറിച്ചി, അരിയല്ലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നത്.


🔳മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ അഭാവത്തില്‍  ശരദ് പവാര്‍ നയിക്കുന്നതിനെതിരെ ബിജെപി. നവംബറില്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ വിശ്രമത്തിലാണ്. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തില്‍ യോഗം നടത്തേണ്ടതിനു പകരം ശരദ് പവാറിന്റെ നേതൃത്വത്തിലാണു യോഗം. ഇതിനെതിരെയാണ് ബിജെപി വക്താവ് രാം കദം രംഗത്ത് വന്നത്.


🔳ഗായിക ലതാ മങ്കേഷ്‌കറിനു കൊവിഡ് ബാധിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരുന്നുകളോട് ലതാ മങ്കേഷ്‌കര്‍ പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടര്‍മാര്‍.


🔳വായ്പയ്ക്കുള്ള അപേക്ഷ തള്ളിയ ബാങ്കിന് യുവാവ് തീയിട്ടു. ബാങ്കിന് 16 ലക്ഷത്തോളം രൂപയുടെ നഷ്ടം. കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ബ്യാദഗി താലൂക്കിലെ ഹെദിഗൊണ്ട എന്ന ഗ്രാമത്തില്‍ വസീം അക്രം മുല്ല എന്ന 33 കാരനാണ് ബാങ്ക് കത്തിച്ചത്. തീയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി.


🔳ബോളിവുഡില്‍ അവസരം വാഗ്ദാനം ചെയ്ത് നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ അറസ്റ്റില്‍. ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയില്‍ അറസ്റ്റിലായത്. ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്.


🔳കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ മാര്‍ച്ചില്‍ പുറത്തിറക്കുമെന്ന് ഫൈസര്‍. സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് കോവിഡ് വാക്‌സിന്‍ ഡോസുകളുടെ നിര്‍മാണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഫൈസര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആല്‍ബര്‍ട്ട് ബൗര്‍ല.


🔳യുപിയിലെ ബാഗ്പത്തില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാരുടെ സംഘം തട്ടിയെടുത്ത് വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി. പ്രിന്‍സിന്റെയും കോമളിന്റെയും മകനായ കേശവ് കുമാറാണു മരിച്ചത.് ടെറസിനോടു ചേര്‍ന്നുള്ള റൂമില്‍ രാത്രി മുത്തശ്ശിക്കൊപ്പമാണ് കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. അകത്തുകടന്ന കുരങ്ങന്‍മാര്‍  കുട്ടിയെ തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞില്ല. പിന്നീടു കുഞ്ഞിനെ തെരഞ്ഞപ്പോഴാണ് വാട്ടര്‍ടാങ്കില്‍നിന്ന് കുഞ്ഞിനെ മരിച്ചനിലയില്‍ കിട്ടിയത്.


🔳അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ സമയം വേണമെന്ന് ഇറാന്‍. താലിബാന്‍ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് ഇറാനിയന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.


🔳സൗദി അറേബ്യയില്‍ യുവതിയെ ശല്യം ചെയ്തതിനു ശിക്ഷക്കപ്പെട്ട യുവാവിനെ പേരെടുത്തു പറഞ്ഞ് അപമാനിക്കാന്‍ കോടതി ഉത്തരവ്. ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും പുറമെയാണ് പ്രതിയുടെ ചെലവില്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ വിവരിച്ചുകൊണ്ട് പത്രത്തില്‍ പരസ്യം ചെയ്യാന്‍ മദീനയിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. ഇതാദ്യമായാണ് സൗദി അറേബ്യയില്‍ ഇത്തരമൊരു വിധി പ്രസ്താവിക്കപ്പെടുന്നത്.


🔳ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗ് തെരഞ്ഞെടുത്തു. നായകന്‍ വിരാട് കോലി പരിക്കുമാറി തിരിച്ചെത്തിയപ്പോള്‍ ഹനുമാ വിഹാരി  ടീമില്‍ നിന്ന് പുറത്തായി. പരിക്കേറ്റ പേസര്‍ മുഹമ്മദ് സിറാജിന് പകരം ഉമേഷ് യാദവ് കളത്തിലിറങ്ങും.


🔳രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വീയെ ഇനി കേന്ദ്ര സര്‍ക്കാര്‍ നയിക്കും.  വീയുടെ കണക്കുകള്‍ പ്രകാരം പലിശയുടെ നിലവിലുള്ള മൂല്യം ഏകദേശം 16,000 കോടി രൂപ (2.16 ബില്യണ്‍ ഡോളര്‍) ആണ്. ഇത് ഇക്വിറ്റിയിലേക്ക് മാറ്റുമ്പോള്‍ വീയുടെ മുഴുവന്‍ കുടിശ്ശികയുടെ 35.8 ശതമാനം സര്‍ക്കാരിന്റെ കൈവശമെത്തും. ഇത് കൂടാതെ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡര്‍മാരായ വോഡഫോണ്‍ ഗ്രൂപ്പിന് ഏകദേശം 28.5 ശതമാനവും, ആദിത്യ ബിര്‍ള ഗ്രൂപ്പിന് ഏകദേശം 17.8 ശതമാനവും ഓഹരിയുണ്ടാകും.


🔳നവംബറിലെ റെക്കോഡ് നിലവാരമായ 69,000 ഡോളറില്‍നിന്ന് ബിറ്റ്‌കോയിന്റെ മൂല്യത്തിലുണ്ടായ ഇടിവ് 40 ശതമാനത്തിലധികം. കഴിഞ്ഞ സെപ്റ്റംബറിനുശേഷം ഇതാദ്യമായി ബിറ്റ്‌കോയിന്റെ മൂല്യം 40,000 ഡോളറിന് താഴെയെത്തുകയുംചെയ്തു.  39,774 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഈ വര്‍ഷം മാത്രമുണ്ടായ നഷ്ടം 14 ശതമാനമായി. എക്കാലത്തെയും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ നവംബര്‍ ആദ്യആഴ്ചയിലെ 68,990 നിലവാരത്തില്‍നിന്നാണ് മൂന്നുമാസമെത്തുംമുമ്പെ 40ശതമാനത്തോളം ഇടിവുണ്ടായത്.


🔳1983 ലെ ലോക കപ്പിലെ ഇന്ത്യന്‍ ടീമിന്റെ വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത '83' എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് തുടക്കം മുതല്‍ തന്നെ ലഭിച്ചിരുന്നത്. ക്രിക്കറ്റ്പ്രേമികള്‍ക്കും സിനിമാസ്വാദകര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം ഇന്ത്യയില്‍ 15 ദിവസം പിന്നിടുമ്പോള്‍ ബോക്‌സോഫീസ് കളക്ഷനായി ലഭിച്ചിരിക്കുന്നത് 97.80 കോടിയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. മറ്റു വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 57.17 കോടി രൂപയും നേടി. ആകെ ചിത്രം 15 ദിവസത്തില്‍ നേടിയിരിക്കുന്നത് 154.97 കോടിയാണ്.


🔳കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'സല്യൂട്ട്' ചിത്രത്തിന്റെ റിലീസ് നീട്ടി. ജനുവരി 14ന് ആണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തില്‍ നായിക.


🔳അടുത്തിടെ അപ്‌ഡേറ്റ് ചെയ്ത 2022 എഫ്ഇസെഡ്എഫ് ലൈനപ്പ് പുറത്തിറക്കിയ യമഹ ഇപ്പോള്‍ അതിന്റെ നിയോ-റെട്രോ മോട്ടോര്‍സൈക്കിളായ എഫ്ഇസെഡ്എക്സിന്റെ വില വര്‍ദ്ധിപ്പിച്ചു. 2,000 രൂപയുടെ വിലവര്‍ദ്ധനവാണ് വരുത്തിയത്.  ഇതോടെ ബൈക്കിന്റെ വില 1.24 ലക്ഷം രൂപയില്‍ നിന്ന് 1.26 ലക്ഷം രൂപയായി (എക്സ്-ഷോറൂം, ദില്ലി) ഉയര്‍ന്നു. അതേസമയം മോട്ടോര്‍സൈക്കിളില്‍ തന്നെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.


🔳മാതേതരത്വത്തിലും ഫെഡറലിസത്തിലും അടിസ്ഥാന ശിലകള്‍ പാകിയ ഇന്ത്യന്‍ റിപ്പബ്ലിക് നിലവില്‍ വന്നിട്ട് ഏഴുപതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രഘടനയെ വെല്ലുവിളിച്ച രംഗത്തു വന്ന പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. 'ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍'. എന്‍.കെ ഭൂപേഷ്. ഡിസി ബുക്സ്. വില 306 രൂപ.


🔳പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. പ്രമേഹരോഗികള്‍ ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. രാവിലെ റവ, റാഗി, ഗോതമ്പ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചുണ്ടാക്കുന്ന ദോശ രണ്ടെണ്ണം കഴിക്കാം. ഇടവേളകളില്‍ കാരറ്റ്, വെള്ളരിക്ക, പടവലങ്ങ, സവാള എന്നിവ ചേര്‍ത്ത സാലഡ് കഴിക്കാം. ഉച്ചയ്ക്ക് ഒരു കപ്പ് ചോറിനൊപ്പം അവിയല്‍, ഇലത്തോരന്‍ എന്നിവ കഴിക്കുക. വൈകിട്ട് നാലിനും അഞ്ചിനുമിടയ്ക്ക് നാരങ്ങ, നെല്ലിക്ക എന്നിവയുടെ നീര് വെള്ളവും തേനും ചേര്‍ത്ത് കഴിക്കാം. പയര്‍ മുളപ്പിച്ചു വേവിച്ച് അല്പം ഇന്തുപ്പ് ചേര്‍ത്ത് ഉപയോഗിക്കാം. ചായ, കാപ്പി, ബിസ്‌കറ്റ്, എണ്ണയില്‍ വറുത്തത്, മൈദയില്‍ തയ്യാറാക്കുന്ന പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. അത്താഴം രാത്രി എട്ടിനു മുന്‍പ് കഴിക്കുക. ചെറുപയര്‍, ഉലുവ, തവിടുള്ള അരി എന്നിവ ചേര്‍ത്തതോ ഗോതമ്പ്, ബാര്‍ലി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് തയാറാക്കിയതോ ആയ കഞ്ഞി കഴിക്കാം. ഉലുവ, പേരയില, പെരുംജീരകം ഇവ ചേര്‍ത്തു തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 73.87, പൗണ്ട് - 100.52, യൂറോ - 83.78, സ്വിസ് ഫ്രാങ്ക് - 79.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.13, ബഹറിന്‍ ദിനാര്‍ - 195.83, കുവൈത്ത് ദിനാര്‍ -244.07, ഒമാനി റിയാല്‍ - 192.05, സൗദി റിയാല്‍ - 19.67, യു.എ.ഇ ദിര്‍ഹം - 20.10, ഖത്തര്‍ റിയാല്‍ - 20.28, കനേഡിയന്‍ ഡോളര്‍ - 58.41.

Previous Post Next Post

Whatsapp news grup