നിലമ്പൂർ: പട്ടാപ്പകല്‍ നിലമ്പൂർ നഗരത്തിലിറങ്ങിയ കാട്ടാന അരമണിക്കൂറോളം ഭീതിപരത്തി. വനംവകുപ്പിന്റെ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിനും വടപുറം പാലത്തിനും ഇടയില്‍ കെ.എന്‍.ജി റോഡിലൂടെ ഓടിയ കൊമ്ബനെ വനം ദ്രുതകര്‍മസേന അവസരോചിതമായി ഇടപെട്ട് കാടുകയറ്റി.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് ഒറ്റക്കൊമ്ബനെ വടപുറം പാലത്തിന് സമീപം കെ.എന്‍.ജി റോഡരികില്‍ കണ്ടത്. വിവരം അറിഞ്ഞ് വനം ദ്രുത കര്‍മസേനയായ റാപ്പിഡ് റെസ്പോണ്‍സ് ടീം, റിസര്‍വ് പൊലീസ് എന്നിവര്‍ എത്തി. ഫയര്‍ ക്രിക്കര്‍ ഉപയോഗിച്ച് വെടിവെച്ചാല്‍ ആന വിരണ്ടോടുമെന്ന ആശങ്കയില്‍ ആദ്യം വെടിവെച്ചില്ല. റോഡില്‍ തിരക്കുള്ള സമയമായതിനാല്‍ സേന റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിലയുറപ്പിച്ച് വാഹനങ്ങള്‍ തടഞ്ഞു.
ആശങ്കപ്പെട്ടതുപോലെ തന്നെ കൊമ്ബന് മിനിറ്റിനുള്ളില്‍ അന്തര്സംസ്ഥാനപാതയിലെത്തി. റോഡ് മുറിച്ചുകടന്ന ശേഷം അരിക്പറ്റി ഇരുനൂറോളം മീറ്റര്‍ ഓടിയ ആന അടഞ്ഞുകിടക്കുന്ന അരുവാക്കോട് മരവ്യവസായ ശാലയോട് ചേര്‍ന്നുള്ള നഗരസഭയുടെ ടൂറിസം വളപ്പിലൂടെ പോയി കുറ്റിക്കാട്ടില്‍ നിലയുറപ്പിച്ചു. അവസരം പാഴാക്കാതെ റാപ്പിഡ് റെസ്പോണ്‍സ് ടീം ഫയര്‍ ക്രിക്കര്‍ ഉപയോഗിച്ച് ആനയെ തുരത്തി ചാലിയാര്‍ പുഴ കടത്തി കാട്ടിലേക്ക് വിടുകയായിരുന്നു.
രാത്രി പുഴകടന്നെത്തിയ കൊമ്ബന് വെളുക്കുംമുമ്ബ് കാട് കയറാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. ഡിസംബര്‍ ആദ്യവാരത്തിലും കനോലി പ്ലോട്ടിന് സമീപം ഒറ്റയാന് റോഡിലിറങ്ങിയിരുന്നു. അന്ന് ആനയെ കണ്ട് പേടിച്ച് കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പെട്ടിരുന്നു.
ശേഷം ഇവിടെ വനം വകുപ്പ് കാട്ടാന ജാഗ്രത ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പുഴ കടന്നെത്തുന്ന കാട്ടാനകള്‍ ജനവാസകേന്ദ്രത്തിലിറങ്ങുന്നത് തടയാന്‍ വനം വകുപ്പ് സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് കൊമ്ബന് എത്തിയത്.