മലപ്പുറം: കോൺഗ്രസ് കൺവൻഷൻ വേദിക്ക് സമീപം പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി. കോൺഗ്രസിന്റെ മേഖലാ കൺവെൻഷൻ നടന്ന സ്ഥലത്താണ് സംഘർഷമുണ്ടായത്. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ ഈ കൺവെൻഷനിൽ പങ്കെടുത്തിരുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽനിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മേഖലാ കൺവെൻഷൻ നടക്കുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തിയത്. കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മുഴക്കി. ഈ സമയം കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ ടൗൺ ഹാളിനുള്ളിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയതോടെ സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ വാഹനങ്ങൾ ടൗൺ ഹാളിൽനിന്ന് പുറത്തേക്ക് പോയി.
നേരത്തെ സ്ഥലത്തു കൂടി സി.പി.എം. പ്രകടനം കടന്നുപോകുമ്പോഴും നേരിയ സംഘർഷം ഉണ്ടായിരുന്നു. സി.പി.എം. പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് അവിടെയും സ്ഥിതി ശാന്തമാക്കിയത്. തുടർന്നാണ് മലപ്പുറം ടൗൺ ഹാളിനു മുൻപിൽ പ്രതിഷേധ പ്രകടനവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എത്തിയത്.
അതിനിടെ, കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീന് നേരേ ആക്രമണമുണ്ടായി. ഓഫീസിന് വാതിൽ ഗ്ലാസും ജനൽചില്ലും തകർന്നു