തൊടുപുഴ: ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായ നിഖിൽ പൈലി കുറ്റം സമ്മതിച്ചു. താനാണ് ധീരജിനെ കുത്തിയതെന്ന് നിഖിൽ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ആറ് പേരെക്കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആറ് പേരും കെ.എസ്.യു. പ്രവർത്തകരാണ്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

നേരത്തെ, ഇടുക്കി കരിമണലിൽനിന്ന് ബസിൽ യാത്രചെയ്യുന്നതിനിടെയാണ് നിഖിൽ പൈലിയെ പോലീസ് പിടികൂടിയത്. വിദ്യാർഥികളെ അക്രമിച്ചശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഇയാളെ കണ്ടെത്താൻ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു

അതേസമയം, ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർഥി ധീരജിന്റെ കൊലപാതകം ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്. നിഖിൽ പൈലിയാണ് സംഭവത്തിന് പിന്നിലെന്നാണ് നിലവിലെ സംശയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയാലേ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നകാര്യമടക്കം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കുത്തേറ്റ ധീരജിനെ ആശുപത്രിയിൽ എത്തിക്കാൻ പോലീസ് വാഹനം വിട്ടുനൽകിയില്ലെന്ന ആരോപണവും ജില്ലാ പോലീസ് മേധാവി നിഷേധിച്ചു. എവിടെനിന്നാണ് ആരോപണം വന്നതെന്ന് അറിയില്ല. കുട്ടികളോട് സംസാരിച്ചപ്പോഴും ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസിൽ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായും എസ്.പി. പറഞ്ഞു.

തിങ്കളാഴ്ച കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കാമ്പസിന് പുറത്തുവെച്ച് ധീരജിനും മറ്റുരണ്ടുപേർക്കും കുത്തേറ്റത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കാമ്പസിനുള്ളിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ഏഴാം സെമസ്റ്റർ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു.


Previous Post Next Post

Whatsapp news grup