തിരൂർ: മദ്രസാധ്യാപകന്‍ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിപ്പെട്ട വിദ്യാര്‍ത്ഥിയെ മലപ്പുറത്തെ മദ്രസയില്‍ നിന്നും പുറത്താക്കി. വിഷയം മദ്രസാ കമ്മിറ്റിയില്‍ ഉന്നയിച്ച കുട്ടിയുടെ ബന്ധുവിനെ കമ്മിറ്റി നിന്നും പുറത്താക്കി. അവസാനം വിഷയത്തില്‍ പൊലീസ് കേസെടുത്തത് ചൈല്‍ഡ് ലൈന്‍ ഇടപെട്ടതോടെ.
വിദ്യാര്‍ത്ഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മദ്റസാ അദ്ധ്യാപകനെതിരെ തിരൂര്‍ പൊലീസ് ഇന്ന് കേസെടുത്തു. തിരൂര്‍ പയ്യനങ്ങാടിയിലെ മദ്റസയില്‍ അദ്ധ്യാപകനായിരുന്ന ഹംസ മദനി(55) ക്കെതിരെയാണ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. 12, 15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കേസ്
മദ്റസയില്‍ പോകാന്‍ അനിഷ്ടം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ചോദ്യം ചെയ്തപ്പോഴാണ് അദ്ധ്യാപകന്‍ ലൈംഗികാതിക്രമത്തിനിരയാക്കിയ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ അദ്ധ്യാപകനെ ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥിയെ മദ്റസയില്‍ നിന്ന് പുറത്താക്കി. വിഷയം മദ്റസാ കമ്മിറ്റിയില്‍ ഉന്നയിച്ച കുട്ടിയുടെ ബന്ധുവിനെ കമ്മിറ്റി ഭാരവാഹിത്വത്തില്‍ നിന്ന് നീക്കുകയും ചെയ്തു.
തുടര്‍ന്ന് ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. മദ്‌റസാ കമ്മിറ്റിക്കെതിരെ കേസെടുക്കാനും ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശം നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.