കല്ലമ്പലം: ദേശീയ പാതയിൽ നാവായിക്കുളം കടമ്പാട്ടുകോണം ഫാർമസി ജംഗ്ഷനിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊല്ലം ഉളിയകോവിൽ ഹരിശ്രീയിൽ ഗോപിനാഥന്റെയും തുളസീഭായിയുടെയും മകൻ സിനീഷ് ലാൽ (47 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബെൻസ് ലോറി സിനീഷ് ലാലിന്റെ ബൈക്കിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിനെ ഇടിക്കുകയും റോഡിൽ വീണ സനീഷ് ലാലിന്റെ തലയിലൂടെ ലോറിയുടെ പിറകിലെ ചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ബൈക്കിൽ ഇടിച്ച ശേഷം തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കാറിലും ലോറി ഇടിച്ചെങ്കിലും കാർ യാത്രികർ രക്ഷപ്പെട്ടു. അപകടത്തിന് കാരണമായ ലോറിയെയും ഡ്രൈവർ നിലമ്പൂർ സ്വദേശി മുർഷിദി (26) നെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തുണ്ടായിരുന്ന സനീഷിന്റെ സ്പെയർ പാർട്സ് കട അടുത്തിടെ എറണാകുളത്തേക്ക് മാറ്റിയിരുന്നു.അതുമായി ബന്ധപ്പെട്ട് ചിലരെ കാണാൻ പോകുന്ന വഴിക്കാണ് അപകടത്തിൽപ്പെട്ടത്. പാരിപള്ളി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് പോളയത്തോട്‌ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും. രണ്ടാംകുറ്റിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്മിതയാണ് ഭാര്യ. മകൾ : ശ്രീദേവി. സിന്ദീർലാൽ, സിംലാറാണി, സിലജറാണി എന്നിവർ സഹോദരങ്ങളാണ്.

അപകടവിവരം അറിഞ്ഞെത്തിയ കല്ലമ്പലം അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ അഖിൽ. എസ്.ബി,സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ഗോപകുമാർ, ഫയർ & റെസ്ക്യൂ ഓഫീസർ മാരായ സലീഷ്.ബി, ശംഭു.എം,വിഷ്ണു.എസ്.നായർ, വിപിൻ.ബി,പ്രവീൺ. പി ഹോം ഗാർഡ് മാരായ ബിജു,ജയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘം ഗതാഗതം നിയന്ത്രിക്കുകയും റോഡിൽ നിന്നും വാഹനങ്ങൾ നീക്കം ചെയ്ത് റോഡ്‌ കഴുകി വൃത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

Previous Post Next Post

Whatsapp news grup