നിലമ്പൂർ: ജനങ്ങളോട് വളരെ ഇണങ്ങി നാട്ടിലിറങ്ങിയ കരിങ്കുരങ്ങിനെ വനപാലകർ കൂട്ടിൽ സംരക്ഷണത്തിലാക്കി. വനംവകുപ്പിന്റെ നിലമ്പൂർ ആർ.ആർ.ടി. ഓഫീസ് പരിസരത്തെ കൂട്ടിലാണ് കരിങ്കുരങ്ങ് ദിവസങ്ങളായി കഴിയുന്നത്.
നെല്ലിക്കുത്ത് വനമേഖല പരിസരത്ത് താമസിക്കുന്ന ആളുകൾക്ക് കരിങ്കുരങ്ങ് ശല്യക്കാരനായി മാറിയതോടെ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം ആർ.ആർ.ടി. വിഭാഗം പിടികൂടുകയായിരുന്നു.
പിന്നീട് പടുക്ക വനമേഖലയിൽ രണ്ടുതവണയും തുടർന്ന് ചേരമ്പാടി വനമേഖല, നാടുകാണി ചുരം, കക്കാടംപൊയിൽ എന്നിവിടങ്ങളിലും വിട്ടെങ്കിലും ശല്യം തുടർന്നതോടെയാണ് വനപാലകർ വീണ്ടും ആർ.ആർ.ടി. ഓഫീസ് പരിസരത്ത് എത്തിച്ചത്.
കരിങ്കുരങ്ങിനെ പിടികൂടി പുലിവാൽ പിടിച്ച അവസ്ഥയിലാണ് വനപാലകർ. സുരക്ഷിതമായ സ്ഥലത്ത് കരിങ്കുരങ്ങിനെ വിട്ടുനൽകാൻ കത്ത് നൽകി കാത്തിരിക്കുകയാണ് ആർ.ആർ.ടി.യിലെ വനപാലകർ.
പൊതുവിൽ കരിങ്കുരങ്ങ് ജനങ്ങളോട് അടുക്കില്ലെന്ന് പറയുമ്പോൾ ജനങ്ങൾക്കിടയിൽ കഴിയാനാണ് ഈ കുരങ്ങിന് ഇഷ്ടം. മൂന്ന് വയസ്സ് തോന്നിക്കുന്ന കുരങ്ങിന് പൊറോട്ടയും ഇലകളുമാണ് ഇഷ്ടഭക്ഷണം. മൃഗശാലകൾക്കോ ജന്തുശാസ്ത്രവിഭാഗത്തിനോ കൈമാറാനാണ് വനംവകുപ്പിന്റെ പദ്ധതി.