കോഴിക്കോട്: ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച്‌ കടത്തുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ പുലിയാങ്ങില്‍ വൈശാഖ്(22), മലാപ്പറമ്ബ് മുതുവാട്ട് വിഷ്ണു (-22) എന്നിവരെയാണ് എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്ക്വാഡും എക്സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുമായി ചേര്‍ന്നു നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 55 ഗ്രാം എംഡിഎംഎയും പിടിച്ചു. വിപണിയില്‍ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്നതാണിത്.

ചേവായൂര്‍ പച്ചാക്കിലില്‍ ഡ്യൂട്ട് ബൈക്കില്‍ ലഹരിമരുന്നുമായി പോകുമ്ബോഴാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്. ഉത്തരമേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണിത്. ബംഗളൂരുവില്‍നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് സിഐ ശരത് ബാബു പറഞ്ഞു.

മലപ്പുറം ഐബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, കമീഷണര്‍ സ്ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ്, കോഴിക്കോട് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഇ പി വിനോദ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍ ഡി എസ്, മുഹമ്മദ് അബ്ദുള്‍ റൗഫ്, പി കെ സതീഷ്, എം ഒ രജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.


Previous Post Next Post

Whatsapp news grup