കോവിഡ്-ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് മലപ്പുറം ജില്ലയില്‍ എ,ബി,സി വിഭാഗങ്ങളിലായി നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആര്‍.ആര്‍.ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും ആശുപത്രികളില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ നടപടികള്‍ തുടങ്ങിയതായും ജില്ലയില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണം. കോവിഡ് ബാധിതര്‍ വീട്ടില്‍ തന്നെ ക്വാറന്റൈന്‍ ഉറപ്പാക്കണം. മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ച് മരുന്ന് കഴിച്ച് വീട്ടില്‍ വിശ്രമിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക് സ്റ്റെബിലൈസേഷന്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നതില്‍ മലപ്പുറം സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു