കോട്ടയം മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി ഉണ്ട് എന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയത്. വാവാ സുരേഷിനെ വിളിക്കുമ്ബോള്‍ തലയാട്ടി വിളികേള്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വാവാ സുരേഷ് മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങിയെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കഴിഞ്ഞ പുലര്‍ച്ചെ രണ്ടു മണി മുതലാണ് വാവസുരേഷിന്റെ ആരോഗ്യനിലയില്‍ പ്രതീക്ഷാവഹമായ പുരോഗതി ഉണ്ടായത്. ഇന്നലെ തന്നെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. രക്തസമ്മര്‍ദവും സാധാരണനിലയില്‍ ആയെന്ന് മെഡിക്കല്‍ കോഡ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.


വാവസുരേഷിന്റെ ആരോഗ്യനില അപകടനില തരണം ചെയ്തുവെന്ന സൂചനകളാണ് മന്ത്രി വി എന്‍ വാസവന്‍ നല്‍കുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയ മന്ത്രി വി എന്‍ വാസവന്‍ വാവസുരേഷിനെ സന്ദര്‍ശിച്ചിരുന്നു. മന്ത്രി എത്തിയകാര്യം ഡോക്ടര്‍മാര്‍ സൂചിപ്പിച്ചപ്പോള്‍ വാവാ സുരേഷ് തലയനക്കി ഇതിനോട് പ്രതികരിക്കുന്നുണ്ടായിരുന്നു. ഇനിയുള്ള 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി വി എന്‍ വാസവന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ എല്ലാത്തരത്തിലുള്ള ക്രമീകരണങ്ങളും വാവസുരേഷിന് വേണ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.


കഴിഞ്ഞ മാസം വാഹനാപകടത്തില്‍ പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വാവാസുരേഷ്. ഈ പരിക്കുകള്‍ അടക്കം തിരുവനന്തപുരത്തെ ഡോക്ടര്‍മാര്‍ ചികിത്സാ വിവരങ്ങള്‍ കോട്ടയത്തെ ഡോക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. സൗജന്യ ചികിത്സ നല്‍കും എന്ന് ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജും പ്രഖ്യാപിച്ചിരുന്നു.


ഇന്നലെ വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയില്‍ വച്ച്‌ മൂര്‍ഖന്‍ പാമ്ബ് കടിച്ചത്. പാമ്ബിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകള്‍ഭാഗത്ത് പാമ്ബ് കടിക്കുകയായിരുന്നു. തുടര്‍ന്ന് ഇഴഞ്ഞു പോയ പാമ്ബിനെ പിടിച്ചു വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടര്‍ന്ന് കാറില്‍ വാവസുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചത്.


ആദ്യം തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ആണ് വാവസുരേഷിന് ചികിത്സ നല്‍കിയത്. മൂര്‍ഖന്‍ പാമ്ബിനെ വിഷമം ആയതിനാല്‍ തന്നെ വേഗത്തില്‍ തലച്ചോറിലേക്ക് എത്തുകയായിരുന്നു എന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി കെ ജയകുമാര്‍ നേതൃത്വത്തില്‍ ആറംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വാവസുരേഷിനെ ചികിത്സിക്കുന്നത്.

പാമ്ബുകടിയേറ്റ ഉടന്‍ സ്വയം ചികിത്സ നല്‍കിയ ശേഷമാണ് വാവസുരേഷ് ആശുപത്രിയിലേക്ക് പോകുന്നത്. കടിച്ച ഭാഗത്ത് നിന്നും രക്തം പുറത്തേക്ക് ഒഴുക്കി കളഞ്ഞിരുന്നു. ഏതായാലും വാവസുരേഷിനെ ആരോഗ്യ വിവരം തിരക്കി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് നിരവധിപേരാണ് ഫോണ്‍ ചെയ്യുന്നത്. പ്രാര്‍ത്ഥനയോടെയാണ് വാവാ സുരേഷിനെ കേരളം കാത്തിരിക്കുന്നത്.

Previous Post Next Post

Whatsapp news grup