കോഴിക്കോട് : അരീക്കോട് ഉഗ്രപുരത്ത് വീട് നിര്‍മാണത്തിന് മണ്ണ് എടുക്കുന്നതിനിടെ നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തി. പെരുമ്ബറമ്ബ് ആനക്കല്ലിങ്ങല്‍ രമേശിന്റെ പറമ്ബില്‍ നിന്നാണ് നന്നങ്ങാടികളും സൂക്ഷ്‌മ ശിലാ ഉപകരണങ്ങളും കണ്ടെത്തിയത്.
തുടര്‍ന്ന് ഫാറൂഖ് കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ടി മുഹമ്മദലിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ സ്‌ഥലം സന്ദര്‍ശിച്ചു ശേഷിപ്പുകള്‍ പരിശോധിച്ചു. ഇവ കോളേജ് ചരിത്ര വിഭാഗം മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. 50 സെന്റീമീറ്റര്‍ അകലത്തില്‍ 2 നന്നങ്ങാടികളാണ് പറമ്ബില്‍ നിന്നു കണ്ടെത്തിയത്.
അധ്യാപകര്‍ നടത്തിയ പ്രാദേശിക പര്യവേക്ഷണത്തില്‍ തൊട്ടടുത്ത പറമ്ബില്‍ പ്രാചീന കാലത്തെ കല്‍ത്തുളകള്‍, സൂക്ഷ്‌മ ശിലായുധം, മധ്യകാലഘട്ടത്തിലേതെന്നു തോന്നിപ്പിക്കുന്ന തിളങ്ങുന്ന മണ്‍പാത്ര കഷ്‌ണങ്ങള്‍ എന്നിവയും കണ്ടെടുത്തു.