കോട്ടക്കല്‍: ജില്ലയില്‍ ഡിജിറ്റല്‍ ഭൂസര്‍വേ നടപടികള്‍ക്ക് തുടക്കമായി. തിരൂര്‍ താലൂക്കിലെ പെരുമണ്ണ വില്ലേജില്‍ 200 ഹെക്ടര്‍ സ്ഥലത്ത് ഡ്രോണ്‍ സര്‍വേ നടത്തിയുള്ള ഉദ്ഘാടനം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന് നിര്‍വഹിച്ചു.
ആദ്യഘട്ടത്തില്‍ 18 വില്ലേജുകളില്‍ ഡിജിറ്റല്‍ ഭൂസര്‍വേ നടത്താനാണ് തീരുമാനം. ഡ്രോണ്‍ സര്‍വേക്കൊപ്പം കോര്‍സ്, ഇ.ടി.എസ് സംവിധാനങ്ങളും സര്‍വേ നടത്താന്‍ ഉപയോഗിക്കും. ഡിജിറ്റല്‍ സര്‍വേ റെക്കോഡുകള്‍ നിലവില്‍ വരുന്നതോടെ നിലവിലുള്ള സര്‍വേ നമ്ബര്‍, സബ്ഡിവിഷന് നമ്ബര്‍, തണ്ടപ്പേര് നമ്ബര്‍ എന്നിവ ഇല്ലാതാകും. പകരം ഭൂമിയിലെ കൈവശങ്ങള്‍ക്കും നിലവിലെ നിയമങ്ങള്‍ക്കും അനുസൃതമായി പുതിയ നമ്ബര്‍ നല്‍കും. പദ്ധതി ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ റവന്യൂ രജിസ്ട്രേഷന്, പഞ്ചായത്ത്, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാകും.
ഡിജിറ്റല്‍ ഭൂസര്‍വേ നടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മുഴുവന്‍ ഭൂമിയും ഡ്രോണ്‍ സര്വേക്കനുയോജ്യമായി ക്രമീക്കരിക്കേണ്ടതുണ്ട്. ഇതിനായി ഭൂവുടമകള്‍ സ്വന്തം ഭൂമിയുടെ അതിര്‍ത്തികളില്‍ ഡ്രോണ്‍ സര്വേക്കുതകുന്ന രീതിയില്‍ അടയാളങ്ങള്‍ സ്ഥാപിക്കണം.
ആകാശക്കാഴ്ചക്ക് തടസ്സം ഉണ്ടാക്കുന്ന മരച്ചില്ലകളും മറ്റും നീക്കി ഭൂഅതിരുകള്‍ വ്യക്തമാക്കി വെക്കണമെന്നും നിര്വേശമുണ്ട്. അതിര്‍ത്തികള്‍ ഡ്രോണില്‍നിന്ന് കാണാവുന്ന തരത്തില്‍ നിലവിലുള്ള മതില് ഇഷ്ടിക സിമന്റ് കട്ട, ചെങ്കല്ല് എന്നിവയില്‍ ഏതിലെങ്കിലും നിശ്ചിത പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തണം.
ഭൂമി സംബന്ധമായ വിവരങ്ങള്‍ക്ക് ഡിജിറ്റല്‍ ഭൂസര്‍വേയിലൂടെ കൃത്യതയും സുതാര്യതയും ഉറപ്പുവരും. റവന്യൂ, രജിസ്ട്രേഷന്, സര്‍വേ വകുപ്പുകളിലെ സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാകും, അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാക്കാനും കഴിയും, ഒരാവശ്യത്തിന് പല ഓഫിസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇല്ലാതാവും തുടങ്ങിയവയാണ് ഡിജിറ്റല്‍ ഭൂസര്‍വേയുടെ നേട്ടങ്ങള്‍.
അപേക്ഷകള്‍ ഓണ്‍ലൈനില്‍ കൊടുത്ത് ഓണ്‍ലൈനിലൂടെ തന്നെ പരിഹരിക്കാന്‍ കഴിയും. ഒപ്പം വസ്തുക്കളുടെ പോക്ക് വരവ് വളരെ വേഗത്തിലാവും. ഡോക്യുമെന്റേഷന് ജോലികള്‍ എളുപ്പത്തില്‍ നടക്കും തുടങ്ങിയ പ്രയോജനങ്ങളുമുണ്ട്.
ഡെപ്യൂട്ടി ഡയറക്ടര്‍ പുരുഷോത്തമന്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കളത്തിങ്ങല്‍ മുസ്തഫ, മലപ്പുറം സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വപ്ന മേലൂക്കടവന്‍, സര്‍വേ അസി. ഡയറക്ടര്‍ വി.ഡി. സിന്ധു, സൂപ്രണ്ടുമാരായ ശ്രീരേഖ, സുനിത, തിരൂര്‍ തഹസില്‍ദാര്‍ ഉണ്ണി, തഹസില്‍ദാര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു.