കൊല്ലം: ആലപ്പാട്ടെ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനിടെ ലഭിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മത്സ്യം!. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ‘പൊന്നുതമ്പുരാന്‍’ എന്ന വള്ളത്തില്‍ പോയവര്‍ക്കാണ് ഉച്ചയോടെ അപൂര്‍വയിനം മത്സ്യത്തെ ലഭിച്ചത്. പുലര്‍ച്ചയോടെ നീണ്ടകര ഹാര്‍ബറിലെത്തിച്ച മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചത് 59,000രൂപയാണ്. ‘ഗോള്‍ ഫിഷ്’ എന്നറിയപ്പെടുന്ന ഈ മത്സ്യത്തെ കേരളത്തിലെ ചില തീരങ്ങളില്‍ ‘പട്ത്തക്കോര’ എന്നാണ് വിളിക്കുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് കായംകുളം ഹാര്‍ബറിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കടലില്‍ ഒരു വലിയ മത്സ്യം പൊങ്ങിക്കിടക്കുന്നത് ഗിരീഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ചത്തത് പോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മത്സ്യം. വലിയ കോരയാണെന്ന് കരുതി സുഹൃത്തായ ഗോപനൊപ്പം കടലില്‍ ചാടി പിടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതിനെക്കാള്‍ ഭാരവും വലുപ്പവുമുള്ള മത്സ്യം കുതറി മാറാന്‍ ശ്രമിച്ചു. ഗിരീഷും സുഹൃത്തും ചേര്‍ന്ന് ഏറെ പണിപെട്ടാണ് മത്സ്യത്തെ ബോട്ടിലെത്തിച്ചത്. 20.600 കിലോയാണ് മത്സ്യത്തിന്റെ തൂക്കം.

സ്വര്‍ണനിറത്തിലുള്ള മത്സ്യത്തിനെ നേരത്തേ കണ്ട് പരിചയമില്ലാത്തതിനാല്‍ കടല്‍ത്തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചിത്രവും വീഡിയോകളും പങ്കുവച്ചു. ഇതിലൂടെയാണ് ‘മെഡിസില്‍ കോര’ എന്നറിയപ്പെടുന്ന ‘പട്ത്ത കോര’യാണെന്നും വിപണിയില്‍ വലിയ വിലയുള്ള മത്സ്യമാണെന്നും വ്യക്തമായത്. തുടര്‍ന്നാണ് കൊല്ലം നീണ്ടകര ഹാര്‍ബറിലെത്തിച്ചതും വില്‍പ്പന നടത്തിയതും.

Previous Post Next Post

Whatsapp news grup