പാലക്കാട്: 43 മണിക്കൂറിലധികം മലമ്ബുഴയിലെ ചെറാട് മലയില്‍ കുടുങ്ങി കിടന്നു. വെള്ളവും ഭക്ഷണവുമില്ലാതെ അതിജീവനം. പ്രതികൂല കാലാവസ്ഥയും കാടിന്റെ ഭീകരതയും ഒറ്റയ്ക്ക് നേരിട്ട രാത്രികള്‍. ഒടുവില്‍ തന്നെ രക്ഷിച്ച സൈനിക ഉദ്യോഗസ്ഥരുടെ തോളില്‍ കൈയ്യിട്ട് പുഞ്ചിരിയോടെ ഇരിക്കുന്ന ബാബു. ഇന്ന് കേരളം സാക്ഷ്യം വഹിച്ച ഏറ്റവും നല്ല നിമിഷങ്ങളിലൊന്ന്.
രക്ഷാപ്രവര്‍ത്തകര്‍ കൈയ്യടിയോട് കൂടിയായിരുന്നു ബാബുവിനെ വരവേറ്റത്. ആദ്യം എല്ലാവരും ചേര്‍ന്ന് ഒരു സെല്‍ഫി. പിന്നീട് ബാബുവിനെ ഒപ്പമിരുത്തി സംഭാഷണം. ഇന്ത്യന്‍ ആര്‍മിക്ക് വലിയ നന്ദിയെന്ന് ബാബുവിന്റെ ആദ്യവാക്ക്. പിന്നാലെ ഓരോരുത്തരേയും പേരെടുത്ത് പറഞ്ഞു. തന്നെ മുകളിലെത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് ബാബുവിന്റെ സ്നേഹചുംബനം.
ഇന്ന് രാവിലെയായിരുന്നു ബാബുവിനെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 9.30 യോടെ സൈനിക ഉദ്യോഗസ്ഥന്‍ ബാബുവിന്റെ അടുത്തെത്തി വെള്ളം നല്‍കി. ആരോഗ്യനില തൃപ്തികരമായതോടെ ബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ചു. പിന്നീട് 40 മിനിറ്റുകൊണ്ട് മലമുകളിലേക്കുള്ള സാഹസികയാത്ര. ഇരുന്നും വിശ്രമിച്ചുമായിരുന്നു ബാബു മുകളിലെത്തിയത്.
അപകടം നടന്നത്
തിങ്കളാഴ്ച സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പമാണു ബാബു മലകയറാന്‍ പോയത്. ഇവര്‍ രണ്ടുപേരും മലകയറ്റം പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറങ്ങി. ബാബു മലയുടെ മുകളിലേക്കു പോയി. കാല്‍തെറ്റി പാറയിടുക്കിലാണു ബാബു വീണത്. വീഴ്ചയില്‍ കാലിന് പരുക്കേറ്റു. വീണ കാര്യം ബാബു തന്നെ ഫോണില്‍ വിളിച്ച് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫൊട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു നല്‍കുകയും ചെയ്തു.
സുഹൃത്തുക്കള്‍ മലയ്ക്കു മുകളിലെത്തി മരവള്ളികളും വടവും ഇട്ടു നല്‍കിയെങ്കിലും ബാബുവിനെ കയറ്റാനായില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തകര്‍ ബാബുവിന്റെ അടുത്തെത്തി സംസാരിച്ചിരുന്നു. വെളിച്ചക്കുറവും ഭൂമിയുടെ കിടപ്പുവശവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായതോടെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു