തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് സംവിധാനിച്ചിട്ടുള്ള ഡയഗ്നോസിസ് യൂണിറ്റുകൾ ജില്ലാ പഞ്ചായത്തിന്റെ ഒന്നാം വാർഷികത്തോടാനുബന്ധിച്ചുള്ള 100ദിന - 100കോടി കർമ്മ പദ്ധതിയുടെ ഭാഗമായി നാളെ 2022 ഫെബ്രുവരി 07 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാടിന് സമർപ്പിക്കുകയാണ്.
ഉദര സംബന്ധമായ രോഗങ്ങൾ വഴി ഉണ്ടാകുന്ന കാൻസർ വളരെ നേരത്തെ കണ്ടത്താൻ സഹായിക്കുന്ന ഏറ്റവും പുതിയ സംവിധാനമായ BLI, LCI സാങ്കേതിക വിദ്യ ലഭ്യമാകുന്ന മലപ്പുറം ജില്ലയിലെ ഏക കേന്ദ്രമാണ് ഇത് വഴി തിരൂർ ജില്ലാ ആശുപത്രിയിൽ സജ്ജമാവുന്നത്.
അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസർ അടക്കമുള്ള എല്ലാ രോഗങ്ങളും വളരെ നേരത്തെ കണ്ടെത്താൻ ഇനി മുതൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തനമാരംഭിക്കുന്ന എൻഡോസ്കോപ്പി, കോളണോസ്കോപ്പി തുടങ്ങിയ അതി നൂതന ഡയഗ്നോസ് സംവിധാനത്തിലൂടെ കഴിയും.
ഇത്തരം രോഗങ്ങൾ കൊണ്ട് സാമ്പത്തിക പ്രയാസമനുഭവിക്കുകയും വൻകിട ആശുപത്രികളെ ആശ്രയിക്കേണ്ടിയും വന്നിരുന്ന പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമാണിത്.
അതോടൊപ്പം തന്നെ കരൾ രോഗങ്ങളായ ലിവർ സിറോസിസ്, ഫാറ്റി ലിവർ ഡിസീസ്, കരൾവീക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനുള്ള Fibroscan എന്ന രോഗ നിർണ്ണയ സംവിധാനവും കഴിഞ്ഞ രണ്ട് മാസമായി നിശ്ചിതദിവസങ്ങളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
കൂടാതെ ദേശീയ വൈറൽ ഹെപ്പറ്ററ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി Hepatitis B, Hepatitis C, എന്നീ രോഗങ്ങളുടെ നിർണ്ണയവും ചികിത്സയും, തുടർ ചികിത്സയും തീർത്തും സൗജന്യമായി ഇവിടെ ലഭ്യമാണ് എന്ന കാര്യം കൂടി പൊതു ജന താല്പര്യാർത്ഥം അറിയിക്കുന്നു