കൽപകഞ്ചേരി: സഹായ അഭ്യർത്ഥിച്ച് വീടുകളിൽ പിരിവിനായെത്തി കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു.മഞ്ചേരി ആനക്കയം സ്വദേശി മടാരി പള്ളിയാലിൽ അബ്ദുൽ അസീസ് (50) നെയാണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്. വൈലത്തൂർ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടിൽ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രതി ആഭരണം കൈക്കലാക്കി മുങ്ങിയിരുന്നു.
വീടിന് സൈഡിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയുടെ കൈചെയിൻ, വള, അരഞ്ഞാണം തുടങ്ങിയ മൂന്നര പവൻ ആഭരണങ്ങളാണ് ഇദ്ദേഹം മോഷ്ടിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമായത്താണ് ഇദ്ദേഹം മോഷണത്തിനായി വീടുകളിൽ എത്തുന്നത്. കുട്ടികളുടെ ആഭരണങ്ങളാണ് ഇദ്ദേഹം മോഷ്ടിക്കുന്നത്. കോട്ടക്കൽ, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ ഇദ്ദേഹം മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറംഎസ്.പി സുജിത് ദാസ് ഐ.പി.എസിന്റെ നിർദേശ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് താനൂർ ഡി. വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ കൽപകഞ്ചേരി സി.ഐ പി.കെ ദാസും സംഘവും സൈബർ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് അന്വേഷിച്ചുകൊണ്ടിരിക്കെ വയനാട് മേപ്പാടിയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ഉണ്ണികൃഷ്ണൻ, എ. എസ്.ഐ രവി, സി.പി.ഒ മാരായ ശൈലേഷ്, ഹബീബ്, ടാൻസാഫ് സ്ക്വാഡ് അംഗങ്ങളായ അഭിമന്യു, സബറുദ്ധീൻ, വിപിൻ, ജിനീഷ് തുടങ്ങിയവരാണ് സി.ഐ യുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിന് ശേഷം തിരൂർ കോടതിയിൽ ഹാജരാക്കി