മീഡിയ വൺ ചാനലിനെതിരായ വിലക്ക് ശരിവെച്ച് കേരള ഹൈക്കോടതി. മീഡിയവണ്ണിന്റെ സംപ്രേക്ഷണ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ ഉത്തരവ് കേരള ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് എൻ നാ​ഗരേഷിന്റേതാണ് വിധി.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ചാനലിന് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കേണ്ടതില്ലെന്നാണ് അധികൃതരുടെ കമ്മിറ്റി തീരുമാനിച്ചത്. ഇവര്‍ നല്‍കിയ വിവരങ്ങള്‍ സ്വീകരിക്കുകയാണ് മന്ത്രാലയം ചെയ്തിരിക്കുന്നത്. അതിനാല്‍ സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കാതിരിക്കാനുള്ള തീരുമാനം നീതികരിക്കാവുന്നതാണ്. അതിനാല്‍ പരാതി തള്ളുന്നു,' ജസ്റ്റിസ് നാഗരേഷ് പറഞ്ഞു. ദേശീയ സുരക്ഷയുടെ പേരില്‍ ക്ലിയറന്‍സ് നിഷേധിക്കപ്പെടുമ്പോള്‍ മുന്‍കൂര്‍ വാദം കേള്‍ക്കാന്‍ അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ചാനലിന് സംപ്രേക്ഷണാനുമതി നിഷേധിക്കാൻ ഇടയായ സാഹചര്യം വിശദീകരിച്ചതുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിലെ ഫയലുകൾ കേന്ദ്രം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സംപ്രേക്ഷണം തടയാൻ നടപടി എടുത്തത് എന്നാണ് കേന്ദ്ര സർക്കാർ വിഷയത്തിൽ നൽകിയ വിശദീകരണം.

അനുമതി നിഷേധിച്ചതിന്റെ കാരണങ്ങൾ പരസ്യപ്പെടുത്താൻ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ വാദം നിയമവിരുദ്ധവും കേട്ടുകേൾവിയില്ലാത്തതും, മാധ്യമ സ്വാതന്ത്ര്യ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്നാണ് ചാനലിന്റ വാദം.

Previous Post Next Post

Whatsapp news grup