തിരൂർ: നവജാത ശിശുക്കൾ മുതൽ പ്രായമായവർക്ക് വരെ കേൾവി സംബന്ധമായ പ്രശ്നങ്ങൾ കൃത്യമായി കണ്ടെത്തി ചികിത്സ നൽകാൻ കഴിയുന്ന അത്യാധുനിക ഡയഗ്നോസ് സംവിധാനമായ 'ബെറ' (ബ്രെയിൻസ്റ്റെം ഇവോക്ഡ് റെസ്പോൺസ്ഡ് ഓഡിയോമെട്രി) തിരൂർ ജില്ലാ ആശുപത്രിയിലും പ്രവർത്തനമാരംഭിക്കുന്നു.
ദേശീയ ബാധിരതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി അനുവദിച്ച് കിട്ടിയിട്ടുള്ള 'ബെറ' യൂണിറ്റിലൂടെ കേൾവി നിയന്ത്രിക്കുന്ന ഞെരമ്പുകളുടെ പ്രവർത്തന ശേഷിയും കേൾവിക്കുറവിന്റെ വ്യാപ്തിയും അതി സൂക്ഷ്മമായി കണ്ടെത്താനും കൃത്യമായ രോഗ നിർണ്ണയത്തിലൂടെ വിദഗ്ദ ചികിത്സ നൽകാനും കഴിയുന്ന സംവിധാനമാണിത്. ഇ.എൻ.ടി ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഓഡിയോളജി യൂണിറ്റിന്റെ ഭാഗമായാണ് ബെറയും പ്രവർത്തിക്കുക. ജില്ലയിൽ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ ഇത്തരമൊരു സംവിധാനം ആരംഭിക്കുന്നത്.
ഒട്ടേറെ പരാതികളും പരിമിതികളുമുണ്ടെങ്കിലും സാധാരണക്കാരുടെ ആതുരാലയമായ തിരൂർ ജില്ലാ ആശുപത്രിയിൽ പരമാവധി ചികിത്സാ സൗകര്യങ്ങൾ സംവിധാനിക്കുന്നതിന് മലപ്പുറം ജില്ലാ പഞ്ചായത്ത് മികച്ച ഇടപെടലാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
നിലവിൽ കേൾവി പരിശോധന ടെസ്റ്റുകളായ പ്യുവർ ടോൺ ഓഡിയോമെട്രി, ഇമ്പിഡൻസ് ഓഡിയോമെട്രി, ഓട്ടോ അക്വസ്റ്റിക് എമിഷൻ, സംസാര ഭാഷാ വൈകല്യങ്ങൾക്കുള്ള സ്പീച്ച് തെറാപ്പി, 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് എൻ.എച്ച്.എം. ആർ.ബി.എസ്.കെ വഴി സൗജന്യ കേൾവി സഹായി, അതിനോടനുബന്ധിച്ചുള്ള പ്രോഗ്രാമിംഗ്, ഓഡിറ്ററി വെർബൽ തെറാപ്പി എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കുന്നുണ്ട്. ഇത് ബെറയിലൂടെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുന്നുണ്ട്.
മാർച്ച് 3ന് അന്താരാഷ്ട്ര കേൾവി ദിനത്തോടനുബന്ധിച്ച് 'ബെറ' യുടെ ഔപചാരിക ഉദ്ഘാടനം ഉച്ചക്ക് 2 മണിക്ക് തിരൂർ കോരങ്ങത്ത് സാംസ്‌കാരിക സമുച്ചയത്തിൽ വെച്ച് ബഹുമാന്യനായ കുറുക്കോളി മൊയ്‌തീൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിക്കും. പരിപാടിയിൽ നേരത്തെ രജിസ്റ്റർ ചെയ്തവർക്കുള്ള ശ്രവണ സഹായി വിതരണം പ്രിയങ്കരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ നിർവ്വഹിക്കും. ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുക, ഡി.പി.എം ഡോ. അനൂപ്, എച്ച്.എം.സി അംഗങ്ങൾ എന്നിവർ സംബന്ധിക്കും.
"ജീവിതകാലം മുഴുവൻ കേൾക്കാൻ, ശ്രദ്ധയോടെ കേൾക്കാം" എന്ന സന്ദേശവുമായി തിരൂർ ജില്ലാ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ പരിപാടിയും ഇതോടൊപ്പം നടക്കും. വാഹനങ്ങളിൽ നിന്നുള്ള ശബ്ദ മലിനീകരണത്തെ കുറിച്ചും ആയതു മൂലം ഉണ്ടാവുന്ന കേൾവി തകരാറുകളെ സംബന്ധിച്ചും പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവൽക്കരണ റാലി ദേശീയ ബാധിരതാ നിവാരണ പരിപാടിയുടെ ജില്ലാ നോഡൽ ഓഫിസർ ഡോ. വി.എം. അബ്ബാസിന്റെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് തിരൂർ ആർ.ടി.ഒ ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച് ജില്ലാ ആശുപത്രിയിൽ സമാപിക്കും. റാലിയുടെ ഫ്ലാഗ് ഓഫ് തിരൂർ ഡി.വൈ.എസ്.പി ബെന്നി നിർവ്വഹിക്കും, തിരൂർ ജോയിന്റ് ആർ.ടി.ഒ അൻവർ സാദത്ത് കേൾവിദിന സന്ദേശം നിർവ്വഹിക്കും.