മലപ്പുറം: പെട്രോള്‍ പമ്ബില്‍ ജീവനക്കാരനെ ആക്രമിച്ച്‌ പണം കവര്‍ന്ന കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. കഴിഞ്ഞ 20 ന് പുലര്‍ച്ചെ രണ്ടരയോടെ കോട്ടായിയിലുള്ള പെട്രോള്‍ പമ്ബിലാണ് സംഭവം നടന്നത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടില്‍ മുഹമ്മദ് ആക്കിബ് (23), ചെട്ടിപ്പടി അരയന്‍റെ പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് വാസിം (31), ചെട്ടിപ്പടി പക്കര്‍ക്കാന്‍റെ പുരയ്ക്കല്‍ വീട്ടില്‍ സഫ്‌വാന്‍ (28) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുചക്ര വാഹനത്തിലെത്തിയ മൂന്നംഗ സംഘം അഞ്ഞൂറ് രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം കൊടുക്കാതെ, പമ്ബില്‍ പണം സൂക്ഷിച്ചിരുന്ന ബാഗ് തട്ടിയെടുത്ത് പോവുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജീവനക്കാരന് മര്‍ദ്ദനമേറ്റു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയി. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്.

ട്രയിനില്‍ മംഗലാപുരത്തേക്ക് രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏഴ് മോഷണ കേസുകളുടെ ചുരളഴിയിക്കാന്‍ പോലീസിന് കഴിഞ്ഞു. മുഹമ്മദ് ആക്കിബിന്‍റെ നേതൃത്വത്തിലായിരുന്നു മോഷണങ്ങള്‍ നടന്നത്. പരപ്പനങ്ങാടി സ്റ്റേഷനിലും ആറ് കേസുകളുണ്ട്. ആലുവ ഡി.വൈ.എസ്.പി. പി.കെ. ശിവന്‍കുട്ടി, ചെങ്ങമനാട് ഇന്‍സ്പെക്ടര്‍ എസ്.എം. പ്രദീപ് കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐമാരായ രാജേഷ് കുമാര്‍, സിനിമോന്‍, സി.പി.ഒമാരായ ലിന്‍സന്‍, കൃഷ്ണരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post

Whatsapp news grup