തിരൂര്‍: ചുഴലിക്കാറ്റ്‌, പ്രളയം തുടങ്ങിയ ദുരന്തസാഹചര്യങ്ങളില്‍ തീരദേശ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി തിരൂര്‍ പറവണ്ണയില്‍ ഒരുക്കിയ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ്‌ അഭയ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം റവന്യു ഭവന നിര്‍മാണ വകുപ്പ്‌ മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. പ്രവചനാതീതമായ കാലാവസ്‌ഥകളെ നേരിടുന്നതിന്‌ ജനങ്ങളില്‍ ദുരന്തനിവാരണ സാക്ഷരത അനിവാര്യമെന്ന്‌ അദ്ദേഹം പറഞ്ഞു.

മുന്‍പ്‌ നേരിട്ട്‌ അനുഭവിച്ചിട്ടില്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ്‌ മഹാപ്രളയമുള്‍പ്പടെ ദുരന്തങ്ങളുടെ വ്യാപ്‌തി കുറയ്‌ക്കാന്‍ സാധിച്ചത്‌. ദുരന്തങ്ങളെ നേരിടുന്നതില്‍ പരിശീലനം നല്‍കുകയാണ്‌ ദുരന്തനിവാരണ സാക്ഷരതയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും പറവണ്ണയിലേതുള്‍പ്പടെ വിവിധോദ്ദേശ്യ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി ലോക ബാങ്കിന്റെ സഹായത്തോടെ ദേശീയ ചുഴലിക്കാറ്റ്‌ അപകട സാധ്യത ലഘൂകരണ പദ്ധതി പ്രകാരമാണ്‌ തിരൂര്‍ താലൂക്കിലെ വെട്ടം ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ പറവണ്ണ ജി.എം.യു.പി സ്‌കൂള്‍ പരിസരത്തായി കെട്ടിടം യാഥാര്‍ഥ്യമാക്കിയത്‌. 3.82 കോടി രൂപ ചെലവില്‍ 1072 ചതുരശ്ര അടിയില്‍ മൂന്ന്‌ നിലകളിലായാണ്‌ നിര്‍മാണം. രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കാണ്‌ കെട്ടിടത്തിന്റെ താഴത്തെ നില. ഒന്നാം നില സ്‌ത്രീകള്‍ക്കും രണ്ടാം നില പുരുഷന്മാര്‍ക്കുമെന്ന രീതിയിലാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക്‌ പരിശീലന പരിപാടികളുള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്ന വിധത്തില്‍ ഡോര്‍മിറ്ററി രീതിയിലാണ്‌ മുറികളുടെ നിര്‍മാണം. ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങള്‍, രോഗികള്‍ക്കായി ശുചിമുറി സൗകര്യങ്ങളോട്‌ കൂടിയ പ്രത്യേക സിക്ക്‌ റൂമുകള്‍, വൈദ്യുതി സൗകര്യം ഉറപ്പ്‌ വരുത്തുന്നതിനായി ജനറേറ്റര്‍, വസ്‌ത്രങ്ങള്‍ കഴുകുന്നതിനും ഉണക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്‌. ജല ലഭ്യത ഉറപ്പ്‌ വരുത്തുന്നതിനായി കുഴല്‍ കിണര്‍, വാട്ടര്‍ ടാങ്ക്‌, മഴവെള്ള സംഭരണി എന്നിവയും സജ്‌ജമാക്കിയിട്ടുണ്ട്‌. പരിപാടിയില്‍ കുറുക്കോളി മൊയ്‌തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Previous Post Next Post

Whatsapp news grup