മലപ്പുറം: അധ്യാപകന്‍ ചമഞ്ഞ് ഓണ്‍ലൈന്‍ ക്ലാസിനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുമായി വിദേശത്തിരുന്ന് അശ്ലീല സംഭാഷണം നടത്തിയയാളെ വിമാനത്താവളത്തില്‍വച്ച്‌ പൊലീസ് അറസ്റ്റ് ചെയ്തു.  ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി ചങ്ങരംകുളം പൊലീസ് പറഞ്ഞു.

വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലേക്കു മടങ്ങുന്നതിനിടെയാണു പിടികൂടിയത്. ഒരു വര്‍ഷം മുന്‍പാണു കേസിനാസ്പദമായ സംഭവം നടന്നത്. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫ് (44) ആണ് അറസ്റ്റിലായത്. ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിനിയുടെ വീട്ടിലേക്കു വിളിച്ച്‌ കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണെന്നു പരിചയപ്പെടുത്തുകയായിരുന്നു. പഠനത്തില്‍ പുറകില്‍ നില്‍ക്കുന്ന കുട്ടിക്കു പ്രത്യേകം ക്ലാസ് എടുക്കാനാണെന്ന് രക്ഷിതാവിനെ തെറ്റിധരിപ്പിച്ചു. തുടര്‍ന്നു കുട്ടിയോട് മുറി അടച്ചിടാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

പിന്നീട് ഇയാള്‍ അശ്ലീലരീതിയില്‍ സംഭാഷണം തുടര്‍ന്നതോടെ കുട്ടി മാതാവിനോടു വിവരം പറഞ്ഞു. രക്ഷിതാക്കള്‍ സ്‌കൂളുമായി ബന്ധപ്പെട്ടതോടെയാണ് അധ്യാപകര്‍ അത്തരത്തില്‍ ക്ലാസ് എടുക്കുന്നില്ലെന്നു മനസ്സിലായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണം വൈകിയതോടെ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ദാസിന്റെ നിര്‍ദേശപ്രകാരം സൈബര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ സൈബര്‍ ഡോം സഹായത്തോടെ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇന്റര്‍നെറ്റ് കോള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥിനിയെ വിളിച്ചതെന്നു കണ്ടെത്തി. പ്രതിയേയും തിരിച്ചറിഞ്ഞു. വിദേശത്തായിരുന്ന പ്രതിക്കെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടിസും ഇറക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിമാനമിറങ്ങിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മനാഫിനെതിരെ പാലക്കാട് ജില്ലാ സൈബര്‍ പൊലീസിലും സമാനമായ പരാതി ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു


Previous Post Next Post

Whatsapp news grup