തിരൂര്‍: സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തിരൂരിൽ വേദി ഒരുങ്ങുന്നു. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്.എസ്.എം പോളിടെക്നിക് എന്നിവിടങ്ങളിലെ ഗ്രൗണ്ടിലാണ് ഈ മാസം 10 മുതല്‍ 16 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നത്.
മേളക്കായി ബോയ്സ് ഹൈസ്കൂള്‍ മൈതാനത്ത് വലിയ പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു. ശാസ്ത്രരംഗത്തെ കുതിപ്പുകള്‍ വ്യക്തമാക്കുന്ന ഐ.എസ്.ആര്‍.ഒയുടെ സ്റ്റാളാണ് മേളയുടെ പ്രധാന ആകര്‍ഷണം. കേരളത്തിന്‍റെ വ്യത്യസ്തമായ ടൂറിസം അനുഭവങ്ങളുടെ ആവിഷ്കരണമായ 'കേരളത്തെ അറിയാം' സ്റ്റാള്‍, കേരള ചരിത്രം, അഭിമാന നേട്ടങ്ങള്‍, പ്രതീക്ഷ, ഭാവി എന്നിവ പ്രകടമാക്കുന്ന 'എന്‍റെ കേരളം' തീം ഏരിയ ഉള്‍പ്പെടെ 250ഓളം ശീതീകരിച്ച സ്റ്റാളുകളാണ് മേളക്കായി ഒരുക്കുന്നത്.
കൂടാതെ കുടുംബശ്രീയുടേതുള്‍പ്പെടെ ഫുഡ് കോര്‍ട്ടുകള്‍, വിവിധ കൃഷിരീതികളും കാര്‍ഷിക ഉല്‍പന്നങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍ എന്നിവയുമുണ്ടാകും. സംസ്ഥാന സര്‍ക്കാറിന്‍റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന വിവിധ വകുപ്പുകളുടെ സ്റ്റാളുകളിലൂടെ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളിലെ സേവനങ്ങള്‍ ഉറപ്പാക്കാനും സാധിക്കും. മേളയോടനുബന്ധിച്ച് എല്ലാ ദിവസങ്ങളിലും വിവിധ കലാപരിപാടികള്‍, സെമിനാറുകള്‍, മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
