പൊന്നാനി: പൊന്നാനി ഹാർബറിനടുത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലവും, പരിശീലനകേന്ദ്രവും കർമ്മ റോഡിലെ പാലം വരുന്നതോടുകൂടി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് സ്ഥലം ഇല്ലാത്ത സ്ഥിതിയിലാണ്.എല്ലാ ആഴ്ചകളിലും മോട്ടോർ വാഹന ലൈസൻസിനും, പരിശീലനത്തിനും നൂറുകണക്കിന് പേരാണ് എത്തുന്നത്. മുൻപ് പരിശീലനം നടത്തിയിരുന്ന ഈശ്വരമംഗലത്തുള്ള നഗരസഭയുടെ മിനി സ്റ്റേഡിയം, പള്ളപ്രം പാലത്തിനടിയിലുള്ള സ്ഥലവും ചിലരുടെ എതിർപ്പു കാരണം മാറ്റിയിരുന്നു. പൊന്നാനി ഹാർബർ പ്രദേശത്ത് ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി എത്തിയ ജനങ്ങൾ.
ചമ്രവട്ടം പ്രൊജക്റ്റ് ഓഫീസിനുള്ളിൽ സ്ഥലം വിട്ടു നൽകുവാൻ ഉദ്യോഗസ്ഥർക്ക് താൽപര്യമില്ല. ഇതുകാരണം എടപ്പാൾ കണ്ടനകത്തുള്ള സ്ഥലത്തേക്ക് ഡ്രൈവിംഗ് ടെസ്റ്റിന് പോകേണ്ട ഗതികേടിലാകും പൊന്നാനിയിലെ ജനങ്ങൾ. പൊന്നാനിയിലെ ഡ്രൈവിംഗ് പരിശീലനകേന്ദ്രം ഈശ്വരമംഗലം, പള്ളപ്പുറം സ്ഥലങ്ങളിൽ തുടരുകയോ, കർമ്മ റോഡിന് സമീപം മണ്ണിട്ടുനികത്തി ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പരിശീലനത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയോ വേണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.