മലപ്പുറം: ജില്ലയിൽ കൂളിങ് ഫിലിം ഒട്ടിച്ച് നിരത്തിലിറങ്ങിയ 150ഓളം വാഹനങ്ങൾക്ക് പിഴയിട്ടു. 'ഓപറേഷൻ സുതാര്യ'യുടെ ഭാഗമായി ദേശീയ -സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കുടുങ്ങിയത്. 


കൂളിങ് ഫിലിം പതിച്ച വാഹനങ്ങളുടെ സ്റ്റിക്കർ പരിശോധന സ്ഥലത്ത് തന്നെ ഒഴിവാക്കി. സ്റ്റിക്കർ പൂർണമായും ഒഴിവാക്കി വാഹനം ഹാജറാക്കാനാണ് ഉടമകൾക്ക് നൽകിയ നിർദേശം. ഒരാഴ്ചയാണ് കാലാവധി. ഹാജറായില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. വിവിധയിടങ്ങളിൽ വന്ന വാർത്തകൾ കണ്ടാണ് ഇത്തരം സ്റ്റിക്കറുകൾ പതിപ്പിച്ചതെന്നായിരുന്നു ഉടമകളുടെ വാദം. എന്നാൽ സ്റ്റിക്കർ പതിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ, ദൂഷ്യഫലങ്ങൾ എന്നിവയിൽ ബോധവത്കരണം നടത്തിയായിരുന്നു ഉദ്യോഗസ്ഥരുടെ തുടർ നടപടികൾ.


മലപ്പുറം, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ താലൂക്കുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എം.വി.ഐ സജി തോമസി‍െൻറ നേതൃത്വത്തിൽ എ.എം.വി.ഐമാരായ അജീഷ് പള്ളിക്കര, പി. ബോണി, വിജീഷ് വാലേരി, സുനിൽ രാജ്, ഹരിലാൽ കെ. രാമകൃഷ്ണൻ, എബിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി. ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറി‍ൻ്റെ നിർദേശ പ്രകാരം ഒരാഴ്ച നീളുന്ന പരിശോധനയാണ് ജില്ലയിൽ പുരോഗമിക്കുന്നത്.


Previous Post Next Post

Whatsapp news grup