തിരൂർ: നഗരത്തിലെ റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ ജംക‍്ഷൻ ഭാഗത്താണ് റോഡിന്റെ പകുതി ഭാഗം അടച്ചത്. ഇവിടെ ഉടൻ പണി തുടങ്ങും. 3.6 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ ഇരുവശത്തും 100 മീറ്റർ നീളത്തിൽ റോഡ് നിർമിക്കുന്നത്. ഇതിനായി ഇരു വശത്തും റോഡിന്റെ പകുതി ഭാഗം ഉയർത്തേണ്ടി വരും. ആദ്യം കോൺക്രീറ്റ് ചെയ്ത് അതിനു മുകളിൽ ടാറിങ് നടത്തുകയാണ് ചെയ്യുന്നത്.
ഇവിടെ പണി പൂർത്തിയായാൽ അടുത്തുള്ള പഴയ പാലം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയർത്താനും തീരുമാനമുണ്ട്. അതേ സമയം താഴേപ്പാലത്തെ പുതിയ പാലത്തിന്റെ പണി നിലച്ചു കിടക്കുകയാണ്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ഇതിനു കാരണമെന്നാണ് അധികൃതർ പറയുന്നത്. ഈ 2 പാലങ്ങളും തുറക്കാനായാൽ നഗരത്തിലെ ഗതാഗതക്കുരുക്കിനു ഗണ്യമായ പരിഹാരമുണ്ടാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.